അംഗൻവാടികൾക്കും വെള്ളപ്പൊക്കത്തിൽ നാശനഷ്​ടം

ചാരുംമൂട്: കുരുന്നുകളുടെ കളിചിരികൾ ഇവിടെയെത്താൻ ഇനിയും വൈകും. നൂറനാട് ഗ്രാമപഞ്ചായത്തിൽ ഇടപ്പോൺ ആറ്റുവ 53ാം നമ്പർ അംഗൻവാടിയാണ് അച്ചൻകോവിലാറ്റിൽനിന്നുള്ള വെള്ളപ്പാച്ചിലിൽ നശിച്ചത്. രണ്ടുവർഷം മുമ്പാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയത്. വെള്ളം പൂർണമായി ഒഴുകിപ്പോയെങ്കിലും അംഗൻവാടി ഉടൻ പ്രവർത്തിക്കാനാവാത്ത സ്ഥിതിയാണ്. വെള്ളപ്പൊക്കത്തിൽ അംഗൻവാടിയുടെ മേൽത്തട്ടുവരെ വെള്ളം കയറി. വെള്ളപ്പാച്ചിലിൽ ശൗചാലയങ്ങൾ പൂർണമായും നശിച്ചു. കെട്ടിടത്തിലെ വയറിങ് സാധനങ്ങൾ നശിച്ച നിലയിലാണ്. ഇലക്ട്രിക് മീറ്ററടക്കം തൂങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് രൂപയുടെ ഫർണിച്ചറുകൾ, 20,000 രൂപയുടെ ആഹാരസാധനങ്ങൾ എന്നിവയും നശിച്ചു. കഴിഞ്ഞദിവസം അംഗൻവാടി ശുചീകരിച്ചിരുന്നെങ്കിലും ഉടൻ കുട്ടികളെ ഇവിടേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് അംഗൻവാടി ജീവനക്കാർ പറയുന്നു. കെട്ടിടത്തിൽനിന്ന് ഇപ്പോഴും ചളിയുടെയും മാലിന്യങ്ങളുടെയും ദുർഗന്ധമാണ്. സമീപപ്രദേശങ്ങളിൽ പൂർണമായും ചളി നീക്കംചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ അംഗൻവാടിയിലെത്തുന്ന കുട്ടികളെ സമീപെത്ത വീട്ടിലാണ് ഇരുത്തുന്നത്. 10 കുട്ടികളാണ് ഇവിടെ പഠിക്കാനെത്തിയിരുന്നത്. നീർക്കുന്നം: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ 42ാം നമ്പർ അംഗൻവാടിക്കും കനത്ത നഷ്ടമുണ്ടായി. കുട്ടികൾക്ക് ഭക്ഷണം പാകംചെയ്ത് നൽകാൻ സൂക്ഷിച്ചിരുന്ന 35 കിലോ അരിയും 54 കിലോ ഗോതമ്പും വെള്ളം കയറി ഉപയോഗശൂന്യമായി. കൂടാതെ കളിപ്പാട്ടങ്ങൾ, പായ, അലമാരയിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററുകൾ, തടിപ്പെട്ടി എന്നിവയും നശിച്ചു. കാരുണ്യയാത്രക്ക് കൈത്താങ്ങായി മോട്ടോര്‍ വാഹന വകുപ്പും ചേര്‍ത്തല: ബസുടമകളുടെ കാരുണ്യയാത്രക്ക് കൈത്താങ്ങായി മോട്ടോര്‍ വാഹനവകുപ്പും. പ്രളയം മൂലം ദുരിതത്തിലായവരെ സഹായിക്കാൻ സ്വകാര്യബസ് ജീവനക്കാരുടെ നേതൃത്വത്തിൽ നടത്തിയ കാരുണ്യയാത്രയിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിങ് ടെസ്റ്റിന് എത്തിയവരും ഡ്രൈവിങ് പരിശീലകരും പങ്കാളികളായത്. കോടതി കവലയില്‍നിന്ന് 150 പേരടങ്ങുന്ന സംഘം ബസില്‍ കയറി സ്വകാര്യബസ് സ്റ്റാന്‍ഡിലും ഇവിടെനിന്ന് തിരിച്ച് നെടുമ്പ്രക്കാടുവരെയും യാത്രചെയ്താണ് കാരുണ്യയാത്രക്ക് പിന്തുണ നല്‍കിയത്. ജോയൻറ് ആര്‍.ടി.ഒ കെ. മനോജ്, എം.വി.ഐമാരായ എം.ജി. മനോജ്, എന്‍.ടി. കിഷോര്‍കുമാര്‍, എ.എം.വി.ഐമാരായ ജോസ് ആൻറണി, സന്തോഷ്‌കുമാര്‍, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.