ആലപ്പുഴ: പ്രളയജലത്തിൽ കുതിർന്നുപോയത് പുസ്തകത്താളിലെ അക്ഷരങ്ങൾ മാത്രമായിരുന്നില്ല, അവക്കിടയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന മയിൽപ്പീലി തുണ്ടുകളുമായിരുന്നുവെന്ന് വേദനയോടെ തിരിച്ചറിയുകയാണ് കുരുന്നുകൾ. പ്രിയപ്പെട്ട ചിത്രങ്ങൾ പതിച്ച ബാഗും കുടയും ഒഴുകിപ്പോയവയിലുണ്ട്. മഴയെടുത്ത കുഞ്ഞുമനസ്സുകളിലെ നഷ്ടങ്ങൾ മറക്കാൻ ശ്രമിച്ച് അവർ പിന്നെയും സ്കൂളുകളിൽ പോയിത്തുടങ്ങി. കുട്ടനാട്ടിലെ പുളിങ്കുന്ന് സെൻറ് ജോസഫ് സ്കൂളിൽ പഠിച്ചിരുന്ന കുറച്ച് കുട്ടികൾക്ക് വീട് നഷ്ടപ്പെട്ടതിനെത്തുടർന്ന് സ്കൂളിൽ പോകാൻ കഴിയാതെവന്നു. ഇൗ സാഹചര്യത്തിൽ താൽക്കാലികമായി പഠിപ്പിക്കാൻ ആലപ്പുഴ ഗവ. മുഹമ്മദൻസ് സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ട സഹോദരങ്ങളായ സുജിത്തിെൻറയും സുമേഷിെൻറയും മക്കളായ മൂന്നാംക്ലാസിലെ അഭിരാമിയും ഒന്നാംക്ലാസിലെ അഭിനവും എൽ.കെ.ജിയിലെ അഭിനന്ദും മുഹമ്മദൻസ് എൽ.പി സ്കൂളിലും ആറാം ക്ലാസിലെ അഭിനവയെ മുഹമ്മദൻസ് ഗേൾസ് സ്കൂളിലുമാണ് പ്രവേശിപ്പിച്ചത്. പുളിങ്കുന്ന് വേണാട് നാലുചിറയിൽ സുമേഷിെൻറ കുടുംബവീടും തൊട്ടടുത്ത് തന്നെയുള്ള സുജിത്തിെൻറ വീടും പ്രളയത്തിൽ തകർന്നു. കഴിഞ്ഞദിവസം വീട്ടിൽപോയ ഇവരുടെ പിതാവ് ഗോപിയോട് വീട് താമസയോഗ്യമെല്ലന്ന് റവന്യൂ അധികൃതർ അറിയിക്കുകയായിരുന്നു. വെള്ളപ്പൊക്കത്തിൽ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തിയ 12 പേരടങ്ങുന്ന കുടുംബം ആദ്യം നഗരത്തിലെ ബന്ധുവീട്ടിലും പിന്നീട് മുഹമ്മദൻസ് സ്കൂൾ ക്യാമ്പിലുമാണ് കഴിഞ്ഞിരുന്നത്. ക്യാമ്പുകൾ പിരിച്ചുവിട്ടതോടെ ആലിശേരിയിെല മദീന അപ്പാർട്മെൻറിലേക്ക് മാറുകയായിരുന്നു. ചെത്ത് തൊഴിലാളിയായ സുജിത്തിന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇവർക്കുണ്ടായിരുന്ന നാല് ആടുകളെ ക്യാമ്പിൽ പാർപ്പിച്ചിരുന്നെങ്കിലും പിന്നീട് വിൽക്കാൻ നിർബന്ധിതമാവുകയായിരുന്നു. സ്കൂളിൽ പോകാതിരിക്കുന്നതുമൂലം കുട്ടികൾക്ക് അധ്യയനദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനാണ് ഇവരെക്കൂടി സ്കൂളിൽ ഉൾപ്പെടുത്തിയതെന്ന് മുഹമ്മദൻസ് എൽ.പി സ്കൂൾ പ്രധാനാധ്യാപിക പി.കെ. ഷൈമ 'മാധ്യമ'ത്തോട് പറഞ്ഞു. മദീന അപ്പാർട്മെൻറിൽ താമസിക്കുന്ന കുപ്പപ്പുറം സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ശ്രീക്കുട്ടിയെയും മാതാപിതാക്കൾ സ്കൂളിൽ എത്തിച്ചു. ജവഹർ ബാലഭവനിലെ ക്യാമ്പിൽ കഴിഞ്ഞിരുന്ന കുട്ടികൾ ആരുംതന്നെ സ്കൂളിൽ പോയില്ല. വരുംദിവസങ്ങളിൽ സ്കൂളിൽ പോയിത്തുടങ്ങുമെന്ന് മാതാപിതാക്കൾ പറഞ്ഞു. -ജിനു റെജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.