ആലുവ: ബാങ്ക് വായ്പയെടുത്ത് പാട്ടഭൂമിയില്‍ നടത്തിയ വാഴകൃഷി നശിച്ചതോടെ ജീവിതം വഴിമുട്ടി വിധവയും മകളും. ശ്രീമൂലനഗരം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ കല്ലയം ഭാഗത്ത് താമസിക്കുന്ന കരിപ്പായി വത്സ ഗോപാലകൃഷ്ണനും മകള്‍ പള്ളിയില്‍ ഗില്‍സ ഷിംജിത്തുമാണ് കൃഷി ചെയ്തത്. പാട്ടത്തിനെടുത്ത മൂന്ന് ഏക്കറില്‍ മൂവായിരത്തോളം വാഴകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം വെള്ളം കയറി നശിച്ചു. കുടുംബത്തിെൻറ ഏക വരുമാനമാര്‍ഗമാണ് ഇല്ലാതായത്. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും കുടുംബത്തിന് വന്നുചേര്‍ന്നു. എടനാട് സഹകരണ ബാങ്കില്‍നിന്ന് ആറുലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയത്. ഓണത്തിനും അതിനുശേഷവും കുലകള്‍ വെട്ടിയെടുക്കാന്‍ പാകത്തിലായിരുന്നു വാഴകള്‍. വിമാനത്താവളത്തിെൻറ റണ്‍വേയുടെ പിറകുവശത്താണ് ഇവരുടെ കൃഷിഭൂമി. ചെങ്ങല്‍തോട് കരകവിയുകയും എയര്‍പോര്‍ട്ടിലേക്ക് വെള്ളം കയറി കെട്ടിനിന്ന വെള്ളം മതില്‍ തകര്‍ന്ന് ശക്തമായി പുറത്തേക്ക് തള്ളിവന്നതോടെ ഇവരുടെ സ്വപ്നങ്ങളാണ് തകർന്നത്. ഇവരുടെ കൃഷിയോടുചേര്‍ന്ന് ഒന്നര ഏക്കറില്‍ വാഴ, പയര്‍, കപ്പ തുടങ്ങിയവ കൃഷിചെയ്ത മണത്തല തങ്കമ്മ കറപ്പന്‍ തുടങ്ങിയവരുടെ കൃഷിയും നശിച്ചു. 2014 ല്‍ ശ്രീമൂലനഗരം പഞ്ചായത്തിലെ കര്‍ഷകശ്രീ അവാര്‍ഡ് നേടിയയാളാണ് വത്സ. 2015 ലെ ശക്തമായ കാറ്റില്‍ ഇവരുടെ നാലായിരത്തോളം വാഴകള്‍ നശിച്ചിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാറില്‍നിന്ന് ആനുകൂല്യമൊന്നും ലഭിക്കാതിരുന്നിട്ടും 15 വര്‍ഷമായി തുടര്‍ന്നുവന്ന കൃഷിയില്‍നിന്ന് പിന്മാറാന്‍ ഇവര്‍ തയാറായില്ല. നിലവില്‍ എഴ് ലക്ഷത്തോളം രൂപ ബാങ്കില്‍ ബാധ്യതയുണ്ട്. ഇതിനിെട, പ്രളയം മുതലെടുത്ത് ക്യാമ്പുകളിലേക്കെന്ന് പറഞ്ഞ് സാമൂഹികവിരുദ്ധര്‍ തോട്ടത്തില്‍ ഉണ്ടായിരുന്ന വാഴക്കുലകള്‍ വെട്ടി കടത്തിയതായി ഇവര്‍ ആരോപിക്കുന്നു. ആത്മഹത്യയുടെ വക്കിലാണ് ഇവർ. താമസിച്ചിരുന്ന വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഉണ്ടായിരുന്ന വസ്തുക്കളും നശിച്ചു. ഇവരെപോലെ നൂറുകണക്കിന് കർഷകർ ഈ പ്രദേശത്ത് ദുരിതമനുഭവിക്കുകയാണ്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണം ആലുവ: പ്രളയത്തിൽ കൃഷി നശിച്ച കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പ്രസിഡൻറ് നൗഷാദ് ശ്രീമൂലനഗരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. അബ്‌ദുല്‍ സലാം സ്വാഗതവും ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് റഫീഖ്, ഷിയാസ്, പി.ബി. അബൂബക്കര്‍, രാധാകൃഷ്ണന്‍ കാവുംകണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.