ആലുവ: പ്രളയദുരന്തത്തിൽപെട്ടവരുടെ കാർഷികവായ്പ പൂർണമായി എഴുതിത്തള്ളണമെന്ന് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രസിഡൻറ് കുറിക്കോളി മൊയ്തീൻ സർക്കാറിനോട് ആവശ്യപ്പെട്ടു. അറുപതിനായിരത്തോളം ഹെക്ടർ കൃഷിയാണ് നശിച്ചത്. കർഷകർക്ക് ഉണ്ടായ നഷ്‌ടം പതിനയ്യായിരത്തോളം കോടിയാണ്. സർക്കാർ ഇത് പൂർണമായി ഏറ്റെടുക്കണം. ഇത്തരം ദുരന്തങ്ങൾ നേരിടേണ്ടിവന്നിട്ടില്ലാത്ത രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ കാർഷിക വായ്പ എഴുതിത്തള്ളാൻ അവിടത്തെ സർക്കാർ തയാറായിട്ടുണ്ട്. ആലുവ, പറവൂർ താലൂക്കുകളിലെ പ്രളയദുരന്ത കാർഷികമേഖലകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിത്തും വളവും സൗജന്യമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കർഷകസംഘം സംസ്ഥാന-ജില്ല നേതാക്കളായ വി.എം. അബൂബക്കർ, കെ.എസ്. അലിക്കുഞ്ഞ്, വി.എ. കുഞ്ഞുമുഹമ്മദ്, പി.എം. ഷമീർ നെല്ലിക്കുഴി, െസയ്ദ് മറിയപ്പടി, സലാം കൊടിയൻ, മുഹമ്മദാലി ശങ്കരൻകുഴി, സജീർ തോപ്പിൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.