കുട്ടനാട്ടിൽ മാലിന്യപ്രളയം

കുട്ടനാട്: വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും കുട്ടനാട്ടിൽ മാലിന്യം മറ്റൊരു ദുരന്തമായി മാറുകയാണ്. മിക്കയിടത്തും കക്കൂസും കുളിമുറിയുമെല്ലാം വെള്ളക്കെട്ടിലാണ്. നേരത്തേ സ്ഥാപിച്ചിരുന്ന താൽക്കാലിക ബയോ ടോയ്ലെറ്റുകൾ നീക്കംചെയ്തു. പകരം സൗകര്യം ഇല്ലാത്തതിനാൽ പ്രാഥമികകാര്യങ്ങൾ നടത്താൻ ജനം നെട്ടോട്ടമോടുകയാണ്. പുരുഷന്മാർ കൊച്ചുവള്ളമെടുത്ത് പാടതീരങ്ങളിൽ പ്രാഥമിക കാര്യങ്ങൾ നിറവേറ്റുകയാണ് പതിവ്. അവിടെയും സ്ത്രീകളാണ് നന്നേ ബുദ്ധിമുട്ടുന്നത്. വെള്ളമിറങ്ങാത്ത കൈനകരിക്കാർക്ക് പ്രത്യേക ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും തുടങ്ങിയില്ല. സുരക്ഷിതമായ ശൗചാലയമില്ലാത്തതിനാൽ സ്ത്രീകൾ ആഹാരം കുറച്ച് കഴിച്ചാണ് പ്രശ്നത്തെ നേരിടുന്നത്. താമസത്തിന് തിരികെയെത്തിയ കുട്ടനാട്ടുകാർ കായലിലെയും ആറ്റിലെയും വെള്ളത്തിൽ കൈതൊടാൻ അറക്കുകയാണ്. മാലിന്യമാണ് വെള്ളത്തേക്കാൾ കൂടുതലെന്ന് തോന്നിപ്പോകുന്നതാണ് അവസ്ഥ. ആദ്യമാദ്യം വെള്ളമിറങ്ങിയ ചെങ്ങന്നൂർ, മാന്നാർ പോലുള്ള പ്രദേശങ്ങളിൽനിന്ന് തള്ളിയ മാലിന്യമാണ് ഇപ്പോൾ കുട്ടനാട് മുഴുവൻ ഒഴുകിയെത്തിയത്. കിടക്ക, കിടക്കവിരി, പായ, ടി.വി തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചത്ത കന്നുകാലികളും കോഴിയും താറാവുമൊക്കെയാണ് കുട്ടനാട്ടിലെത്തിയിരിക്കുന്നത്. ബ്രഷും ചൂലും ബക്കറ്റുമായി സദാസമയം ശുചീകരണം നടത്തുകയാണ് ഇവിടെയുള്ളവർ. ഇതിനിടെ, മാരകരോഗങ്ങൾ പിടിപെടുമെന്ന ആശങ്ക പരക്കെയുണ്ട്. എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ എല്ലാവരും ഭയചകിതരാണ്. വെള്ളം പൂർണമായും ഇറങ്ങാത്തതിനാൽ കൈനകരിയിൽ ശുചീകരണ പ്രവർത്തനം നടന്നിട്ടില്ല. വെള്ളം ഇറങ്ങിയ പ്രദേശങ്ങളിലെങ്കിലും സന്നദ്ധപ്രവർത്തകർ കടന്നുവരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൈനകരിയിൽ 80 ശതമാനം വീടുകളിലും വെള്ളമുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ പല വീടുകളും ഇപ്പോഴും കഴുത്തൊപ്പം വെള്ളത്തിലാണ്. ബന്ധുവീട്ടിലും ക്യാമ്പിലും കഴിഞ്ഞ പലരും തിരിച്ചെത്തിയെങ്കിലും കാര്യങ്ങൾ എല്ലാം അവതാളത്തിലാണിപ്പോഴും. ചില വീടുകളിൽ നേരിയതോതിൽ വെള്ളമിറങ്ങിയെങ്കിലും പെെട്ടന്ന് കൂടുന്ന പ്രതിഭാസമാണ്. ബോട്ടുകൾ സർവിസ് നടത്തുേമ്പാൾ ചിലയിടങ്ങളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ട്. ക്യാമ്പിൽനിന്ന് തിരികെയെത്തിയ കൈനകരി പഞ്ചായത്തിലെ എട്ട്, ഒമ്പത് വാർഡിലുള്ളവരുടെ സ്ഥിതിയാണിത്. 13 വാർഡുകളിലായി നാലായിരത്തോളം വീടുകളാണ് കൈനകരിയിൽ ഇപ്പോഴും വെള്ളക്കെട്ടിലുള്ളത്. ഇവിടെ വീടുകളിലെ വെള്ളമിറങ്ങണമെങ്കിൽ കുറഞ്ഞത് 15 ദിവസമെങ്കിലും വേണ്ടിവരും. പാടശേഖരങ്ങളിൽ മടകുത്തി മോട്ടോർ സ്ഥാപിച്ച് വെള്ളം വറ്റിച്ചാലേ വീടുകളിലെ വെള്ളമിറങ്ങൂ. -ദീപു സുധാകരൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.