ആലപ്പുഴ: ചളിവെള്ളത്തെപോലും ശുദ്ധജലമാക്കുന്ന പുത്തൻ സാങ്കേതികതയിൽ ഊന്നിയ കുടിവെള്ള പദ്ധതിയുമായി സ്വിസ് കമ്പനി. വീടുകൾക്കും സ്‌കൂളുകൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും പണിശാലകൾക്കും ആശുപത്രികൾക്കും അനുയോജ്യമാണിതെന്നാണ് കമ്പനി പറയുന്നത്. കുട്ടനാടുപോലുള്ള ജില്ലയിൽ ഇപ്പോൾ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഇത് സ്ഥാപിക്കാൻ കഴിയുമോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറുമാർ ഉൾെപ്പടെയുള്ള ജനപ്രതിനിധികൾക്ക് ഇതിെൻറ പ്രവർത്തനം കാണിക്കാൻ നടപടി എടുക്കുമെന്നും കലക്ടറേറ്റിൽ പരീക്ഷണം കണ്ട പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചളിവെള്ളത്തെപോലും ശുദ്ധ കുടിവെള്ളമാക്കുന്ന സാങ്കേതികതയിലാണ് ഈ ചെറിയ യന്ത്രം പ്രവർത്തിക്കുന്നത്. വൈദ്യുതി വേണ്ടെന്ന ഗുണവുമുണ്ട്. വലുതിൽ 50 ലിറ്റർ വരെ വെള്ളം കൊള്ളും. ചെറുതിൽ 12 ലിറ്ററും. വലുതിൽ മണിക്കൂറിൽ 12 ലിറ്ററും ചെറുതിൽ മൂന്നര ലിറ്റർ വെള്ളവും ശുദ്ധീകരിച്ചുതരും. ലോകത്ത് 64 രാജ്യത്ത് ഈ സംവിധാനം ഇപ്പോൾ ഉപയോഗത്തിലുണ്ടെന്നാണ് കമ്പനിയുടെ വാദം. ഉപകാരപ്രദമെന്ന് തെളിഞ്ഞാൽ കുട്ടനാടുപോലുള്ള പ്രദേശങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സ്‌ട്രോ കമ്പനിയുടെ സാങ്കേതികതയിൽ ഇ-കോളി മുതലായ അണുക്കളെ 99.99 ശതമാനവും നീക്കം ചെയ്യുമെന്നാണ് പറയുന്നത്. ഹെപ്പറ്റൈറ്റിസ് എ ബാധക്ക് കാരണമായ വൈറസുകളെയും 99.99 ശതമാനവും നീക്കം ചെയ്യും. 50 ലിറ്റർ കൊള്ളുന്ന യന്ത്രത്തിൽ നല്ല വെള്ളവും മലിനജലവും പകുതി വീതം നിറച്ചാണ് ശുദ്ധീകരണപ്രക്രിയ. തകർന്ന വീടുകൾ പുനരുദ്ധരിക്കാൻ ടാറ്റയുടെ പുതിയ സാങ്കേതികതപോലെതന്നെ ഇതിനെയും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കലക്ടറേറ്റിൽ നടന്ന പരീക്ഷണം കാണാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, കലക്ടർ എസ്. സുഹാസ്, സബ്കലക്ടർ വി.ആർ. കൃഷ്ണതേജ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷൻ കെ.ടി. മാത്യു തുടങ്ങിയവരും എത്തിയിരുന്നു. പൂർണമായും തകർന്നത് 2126 വീട്; 119.48 കോടിയുടെ പ്രാഥമിക നഷ്ടം ആലപ്പുഴ: പ്രളയക്കെടുതിയിൽ ജില്ലയിൽ തകർന്നത് 2126 വീെടന്ന് പ്രാഥമിക കണക്ക്. 119.48 കോടി രൂപയുടെ നഷ്ടമാണ് വീടുകൾ തകർന്ന വകയിൽ മാത്രം കണക്കാക്കിയിരിക്കുന്നത്. 20,397 വീടാണ് ഭാഗികമായി തകർന്നത്. അറ്റകുറ്റപ്പണി നടത്തിയാൽ വീണ്ടും ഉപയോഗിക്കാനാകുന്ന വീടുകളാണിത്. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വന്നതും വീടുകൾക്കാണെന്നാണ് വിലയിരുത്തൽ. ക്യാമ്പുകളിൽനിന്ന് മടങ്ങുന്നവർ വാടകവീട് അന്വേഷിച്ച് നടക്കുന്നതായാണ് വിവരം. കുട്ടനാടുൾപ്പെടെയുള്ള പല പ്രദേശങ്ങളിലും വീടുകൾ ഇപ്പോഴും ഉപയോഗിക്കാനാകാത്തവിധം വെള്ളം കയറിക്കിടക്കുകയാണ്. ഏറ്റവും കൂടുതൽ വീടുകൾ തകർന്നിരിക്കുന്നത് ചെങ്ങന്നൂർ താലൂക്കിലാണ്. 1906 വീട് പൂർണമായും തകർന്നപ്പോൾ 8121 വീട് ഭാഗികമായും നശിച്ചു. കുട്ടനാട്ടിൽ 157 വീട് പൂർണമായും 10,366 വീട് ഭാഗികമായും നശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറവ് വീടുകൾ തകർന്നിരിക്കുന്നത് മാവേലിക്കര താലൂക്കിലാണ്. ഇവിടെ 71 വീട് ഭാഗികമായി തകർന്നപ്പോൾ രണ്ട് വീടാണ് പൂർണമായും തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.