അതിജീവനത്തി​െൻറ പുത്തൻ പ്രതീകമായി കൃഷ്ണമ്മ

ആലപ്പുഴ: പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ തോളിലൊരു തോർത്തുമായി കഴിഞ്ഞ സാധാരണ വീട്ടമ്മയായ കൃഷ്ണമ്മയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല. പട്ടണക്കാട് സ​െൻറ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽനിന്നാണ് തകഴി സ്വദേശിയായ ഇൗ 53കാരി അതിജീവനത്തി​െൻറ പ്രതീകങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചത്. പ്രളയത്തിന് മുന്നിൽ ആദ്യം പകച്ചുനിന്ന ഇൗ വീട്ടമ്മ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളിലെ കളിക്കളത്തിൽ പഴയ ബാസ്‌കറ്റ്‌ബാൾ താരമായത് യാദൃച്ഛികമായിരുന്നു. ലേ അപ്പീലും ഫ്രീ ത്രോയിലുമെല്ലാം പന്ത് കൃത്യം ബാസ്‌കറ്റിലെത്തിയത് കണ്ടുനിന്നവർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്തതോടെ വിഡിയോകൾ വൈറലാകാൻ താമസമുണ്ടായില്ല. ഡ്രിബ്ലിങ്ങിലെയും സ്‌കോറിങ്ങിലെയും മികവ് ചൂണ്ടിക്കാട്ടിയ പലരും ഇവർ പഴയ താരമാണെന്ന് ഉറപ്പിച്ചു. 1982-86 കാലയളവിൽ അറവുകാട് സ്‌കൂൾ ടീമിലെ താരമായിരുന്നു കൃഷ്ണമ്മ. ആലപ്പുഴ ജില്ല സ്‌കൂൾ ടീമിലും സ​െൻറ് മൈക്കിൾസ് കോളജിലും ആലപ്പുഴ ടൗൺ ക്ലബിലുമൊക്കെ ബാസ്‌കറ്റ്ബാൾ കളിച്ച കാലം കൃഷ്ണമ്മയുടെ ഓർമകളിൽ ഇന്നുമുണ്ട്. 10-ാം ക്ലാസോടെ പഠനവും ബാസ്‌കറ്റ്ബാൾ കളിയും അവസാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വന്ന പ്രോത്സാഹിപ്പിക്കുന്ന കമൻറുകൾ കൃഷ്ണമ്മക്ക് പ്രതീക്ഷ സമ്മാനിച്ചിരിക്കുകയാണ്. കൈയിൽ കിട്ടിയ വസ്ത്രങ്ങളുമെടുത്ത് ഈ കുടുംബം തകഴി സ്‌കൂളിലെ ക്യാമ്പിലേക്കാണ് ആദ്യം പോയത്. അവിടെയും വെള്ളമുയർന്നപ്പോൾ പട്ടണക്കാട് ക്യാമ്പിലെത്തി. ക്യാമ്പിൽ ഹാൻഡ്ബാൾ കൊണ്ട് ബാസ്‌കറ്റ്‌ബാൾ പരീക്ഷണം നടത്തിയ കുട്ടികൾക്കൊപ്പം ചേർന്നപ്പോൾ ഉന്നം പിഴക്കാത്ത കൃഷ്ണമ്മയുടെ പ്രകടനം കാണികൾക്ക് വിസ്മയമായിരുന്നു. പിറ്റേന്ന് ബാസ്‌കറ്റ്ബാൾ എത്തിച്ചുനൽകി എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ അവർ വീണ്ടും പഴയ താരമാകുകയായിരുന്നു. വിഡിയോ കണ്ട് ബാസ്‌കറ്റ്ബാൾ താരങ്ങൾ ഉൾപ്പെടെ പലരും ഫോൺ ചെയ്യുന്നുണ്ടെന്ന് കൃഷ്ണമ്മ പറയുന്നു. ആലപ്പുഴ ജില്ല ബാസ്‌കറ്റ്ബാൾ അസോസിയേഷൻ പ്രതിനിധികൾ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചു. 11 ദിവസം ക്യാമ്പിൽ താമസിച്ചശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. ഹൃദ്രോഗിയായ ഭർത്താവ് പ്രകാശനും മക്കൾക്കുമൊപ്പം ഇപ്പോൾ തകഴി പഞ്ചായത്തിലെ കുന്നുമ്മയിലാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.