അരൂർ: സമഗ്ര പുരയിട കൃഷി വ്യാപകമാക്കാനുള്ള പദ്ധതിയുമായി പഞ്ചായത്തിനൊപ്പം നിലകൊള്ളുകയാണ് അരൂക്കുറ്റി മഠത്തിൽപറമ്പിൽ നാസർ. തേങ്ങയും നെല്ലും മീനും ഇറച്ചിയും പഴങ്ങളും പച്ചക്കറികളുമെല്ലാം വീട്ടുമുറ്റത്തുനിന്ന് ലഭിക്കുന്നതാണ് ഹരിതഭവനം പദ്ധതി. 20 സെൻറിലാണ് ഒരുവീട്ടിലേക്കാവശ്യമായ തേങ്ങ മുതൽ മീൻ വരെ കൃഷി ചെയ്യുന്നത്. സ്വന്തം പുരയിടത്തിൽ നെല്ലും കോഴിയും പഴം, പച്ചക്കറികളുമെല്ലാം വിളയിക്കുന്ന മാതൃക തോട്ടം ആസൂത്രണം ചെയ്തു. അരൂക്കുറ്റിയിലെ 100 വീട്ടിൽ ഹരിതഭവനം പദ്ധതിക്ക് നബാർഡിനെ സമീപിക്കാൻ പഞ്ചായത്തിന് പദ്ധതി തയാറാക്കി നൽകി. ഹരിതഭവനം പദ്ധതിയുടെ പഞ്ചായത്തുതല വൈസ് ചെയർമാനായ നാസർ കെൽട്രോൺ ജീവനക്കാരനാണ്. വർഷങ്ങളായി കൃഷിയിൽ പുത്തൻ പദ്ധതികൾ ആസൂത്രണം ചെയ്ത് നിരവധി സർക്കാർ പുരസ്കാരങ്ങൾ നേടി. ഒരുവീട്ടിലേക്കുവേണ്ട 80 ശതമാനം പോഷകാഹാരമടങ്ങിയ വിവിധ തരം ആഹാരങ്ങൾ സ്വന്തം വീട്ടുമുറ്റത്തുനിന്നുതന്നെ ഉൽപാദിപ്പിക്കുകയാണ് ഹരിതഭവനം പദ്ധതിയുടെ ലക്ഷ്യം. ഒന്നര സെൻറിൽ പച്ചക്കറി, 10 സെൻറിൽ തെങ്ങ്, ഇടവിളയായി പഴവർഗങ്ങൾ, രണ്ടുസെൻറിൽ കുളത്തിൽ മീൻ, കുളത്തിലെ വെള്ളം ഒരുസെൻറ് തറയിൽ എത്തിച്ച് നെൽകൃഷി, ഇതോടൊപ്പംതന്നെ കോഴികൃഷി. വളങ്ങൾ പുറത്തുനിന്ന് ആവശ്യമില്ല. എന്നും മണ്ണ് സമ്പുഷ്ടമായി നിലനിൽക്കും. കീടനിയന്ത്രണത്തിന് ജൈവമാർഗങ്ങൾ മാത്രം അവലംബിക്കും. ഇങ്ങനെ സമഗ്ര പുരയിടകൃഷിക്ക് സവിശേഷതകൾ ഏറെയാണ്. ഏറ്റവും പ്രധാനം നല്ല ആഹാരവും വരുമാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.