മണപ്പുറം ക്ഷേത്ര ശുചീകരണപ്രവർത്തനം ആരംഭിച്ചു

ആലുവ: പ്രളയത്തിൽ മുങ്ങിയ മണപ്പുറം ക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചു. ചളിയും മാലിന്യവും ഭാഗികമായി നീക്കിയതിനെത്തുടർന്ന് നിത്യപൂജ കഴിഞ്ഞദിവസം പുനരാരംഭിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് മനക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധികലശ പൂജ നടന്നു. തുടർന്നാണ് മേൽശാന്തി മുല്ലപ്പിള്ളിമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നിത്യപൂജ ആരംഭിച്ചത്. ക്ഷേത്രത്തിന് ചുറ്റും മണപ്പുറത്തും ചളി നിറഞ്ഞതിനാൽ ക്ഷേത്രത്തിലേക്ക് നടന്നുപോകാൻപോലും കഴിഞ്ഞിരുന്നില്ല. ക്ഷേത്ര ശ്രീകോവിലിലും തിടപ്പള്ളിയിലും പ്രവേശിക്കാനും ശുചീകരിക്കാനും പൂജാരിമാർക്ക് മാത്രമാണ് അനുമതി. ദേവസ്വം ബോർഡ് പൊതുമരാമത്ത് വിഭാഗത്തി​െൻറ മേൽനോട്ടത്തിൽ ഈ മാസം 23 മുതലാണ് ശുചീകരണം ആരംഭിച്ചത്. 1924ലെ വെള്ളപ്പൊക്കത്തിലാണ് മണപ്പുറത്തെയും ആൽത്തറയിലെയും ക്ഷേത്രങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിത്യപൂജ മുടങ്ങിയത്. എല്ലാവർഷവും മണപ്പുറത്തെ ക്ഷേത്രത്തിൽ വെള്ളം കയറാറുണ്ടെങ്കിലും ആൽത്തറയിലെ ക്ഷേത്രത്തിലേക്ക് എത്താറില്ല. 94 വർഷത്തിനുശേഷം ഇക്കുറി ആൽത്തറയിലും വെള്ളം കയറി. ശുചീകരണത്തിനുശേഷം മേൽക്കൂരക്കും മറ്റുമുള്ള കേടുപാട് തീർക്കാൻ പുതിയ കരാർ നൽകും. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മരങ്ങൾ തട്ടിയും കുത്തൊഴുക്കിലും ക്ഷേത്രത്തി​െൻറ ഇരുമ്പുഷീറ്റ് മേഞ്ഞ മേൽക്കൂരയും ഇരുമ്പുപട്ടയും തകർന്നു. മണപ്പുറത്ത് ദേവസ്വം ബോർഡ് അടുത്തിടെ നിർമിച്ച സ്ഥിരം ബലിത്തറയും നിലംപരിശായി. മേൽക്കൂരയും ഇരുമ്പുപട്ടയും ഒഴുകിപ്പോയി. നാലുഭാഗെത്തയും ഇരുമ്പുതൂണുകൾ മാത്രമാണുള്ളത്. അവയും വൈദ്യുതിപോസ്റ്റുകളും മറിഞ്ഞുകിടക്കുകയാണ്. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ മണൽ സംരക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.