കൊച്ചി: അഭിമന്യു വധക്കേസിൽ പൊലീസ് അന്വേഷണം നിർണായകഘട്ടത്തിൽ. അടുത്തമാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. അഭിമന്യുവിനെ കുത്തിയതാരെന്ന് കണ്ടെത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കേണ്ടതുമുണ്ട്. ഇതുസംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ്വൃത്തങ്ങൾ നൽകുന്ന വിവരം. ഏതാനുംപേർ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഞായറാഴ്ച രണ്ടുമാസം തികയും. കേസിൽ 16 പേരാണ് ഇതുവരെ പിടിയിലായത്. ഇതിൽ എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം രക്ഷപ്പെടാൻ സഹായിച്ചവർ ഉൾപ്പെടെ 30 പ്രതികളാണ് ആകെയുള്ളത്. അരൂക്കുറ്റി സ്വദേശിയും കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ല പ്രസിഡൻറും മഹാരാജാസ് കോളജ് യൂനിറ്റ് സെക്രട്ടറിയുമായ ജെ.ഐ. മുഹമ്മദാണ് മുഖ്യപ്രതി. മുഹമ്മദ് പിടിയിലായതോടെയാണ് കൊലപാതകം സംബന്ധിച്ച വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്. അക്രമിസംഘത്തെ വിളിച്ചുവരുത്തിയ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയും പിടിയിലായിരുന്നു. അതേസമയം, അക്രമിസംഘത്തെ സജ്ജമാക്കിയ പോപുലർ ഫ്രണ്ട് നേതാവ് ഷിജുവിനെ കണ്ടെത്താനായില്ല. കൊലപാതക സംഘത്തിൽ 14 പേരുണ്ടായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. ആറുപേരെ കണ്ടെത്താനുണ്ട്. അഞ്ഞൂറിലധികം പേരെ ചോദ്യംചെയ്തു. അന്വേഷണം നിർണായകഘട്ടത്തിലാണെന്ന് സംഘത്തലവൻ എ.സി.പി എസ്.ടി. സുരേഷ്‌കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. പ്രതികളെ മുഴുവൻ പിടികൂടിയശേഷമേ ഗൂഢാലോചനയും കൃത്യവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.