ചാരുംമൂട്: അർബുദം നൽകിയ വേദനകൾക്കുമീെത ഇരുട്ടടിയായി പട്ടികജാതി കുടുംബത്തിന് ജപ്തി നോട്ടീസ്. താമരക്കുളം കിഴക്കേമുറി കൊച്ചുതുണ്ടിൽ അച്യുതനും (52) കുടുംബത്തിനുമാണ് ഇൗ ദുരനുഭവം. രോഗബാധയെത്തുടർന്ന് ചികിത്സക്കുപോലും പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ ജപ്തി നോട്ടീസ് എത്തിയത് കുടുംബത്തെ ദുഃഖക്കയത്തിലാക്കി. മാവേലിക്കര സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽനിന്ന് 2016ലാണ് മൂത്ത മകളുടെ വിവാഹ ആവശ്യത്തിന് അച്യുതനും ഭാര്യ ശാന്തിയും ചേർന്ന് നാലുലക്ഷം രൂപ വായ്പ എടുത്തത്. കൃത്യസമയങ്ങളിൽ തവണകൾ മുടക്കമില്ലാതെ അടച്ചുവരുന്നതിനിെടയാണ് അച്യുതൻ രോഗബാധിതനായത്. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടിലായിരുന്ന അച്യുതനെ ഒരുവർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് പ്രവേശിപ്പിച്ചപ്പോഴാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് കിടപ്പിലായ അച്യുതന് ചികിത്സ നടത്തിയത്. ഇതോടെ ബാങ്കിലെ തവണകൾ പൂർണമായും മുടങ്ങുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഭർത്താവിന് സഹായവുമായി നിൽക്കുന്നതിനാൽ ഭാര്യ ശാന്തിക്ക് പണിക്ക് പോകാൻ കഴിയാതെയായി. ഇപ്പോൾ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടുന്നതിനിെടയാണ് ബാങ്കിെൻറ ജപ്തി നോട്ടീസ് എത്തിയത്. 15 ദിവസത്തിനകം പലിശസഹിതം 4,33,393 രൂപ അടച്ചില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ വീടും സ്ഥലവും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ. വർഷങ്ങൾക്കുമുമ്പ് സർക്കാറിൽനിന്ന് ലഭിച്ച തുച്ഛ പണം ഉപയോഗിച്ചാണ് 10 സെൻറ് സ്ഥലത്ത് ചെറിയ വീട് വെച്ചത്. ഇളയ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനും ഭർത്താവിെൻറ തുടർചികിത്സക്കും പണം കണ്ടെത്താനാവാതെ വലയുന്നതിനിെടയാണ് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് എത്തിയതെന്ന് കരച്ചിലടക്കാനാവാതെ ശാന്തി പറയുന്നു. ആകെയുള്ള വീടും സ്ഥലവും നഷ്ടപ്പെട്ടാൽ പ്രായപൂർത്തിയായ മകളെയും രോഗിയായ ഭർത്താവിനെയുംകൊണ്ട് എവിടേക്ക് പോകുമെന്നറിയാതെ പകച്ചുനിൽക്കുകയാണ് ഇൗ വീട്ടമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.