മഴക്കാലം പടിവാതിൽക്കൽ; ശുചീകരണം പടിക്കുപുറത്ത്​

നഗരത്തിലെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നു മൂവാറ്റുപുഴ: മഴക്കാലം പടിവാതിൽക്കലെത്തിയിട്ടും നഗരത്തിലെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പാളുന്നു. മൂവാറ്റുപുഴ നഗരസഭ അടക്കമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊന്നും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. ഓട ശുചീകരണം, റോഡിലെ കാടുവെട്ടൽ തുടങ്ങിയ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുന്നോടിയായി പൂർത്തിയാക്കണമെന്നാണ് നിർദേശമെങ്കിലും നടപടികളെല്ലാം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. നഗരത്തിലെ ഓടകൾ നിറഞ്ഞ് മാലിന്യവാഹിനിയായിട്ട് മാസങ്ങൾ കഴിഞ്ഞു. വ്യാപാര വ്യവസായ കേന്ദ്രമായ കാവുങ്കരയിൽ അടക്കം മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും കൊതുകും പെരുകി. മാലിന്യനീക്കംതന്നെ വല്ലപ്പോഴുമായി മാറി. ശുചീകരണ തൊഴിലാളികളുടെ കുറവുമൂലമാണ് മാലിന്യനീക്കമടക്കം മന്ദഗതിയിലാകാൻ കാരണമെന്നാണ് നഗരസഭ അധികൃതരുടെ ഭാഷ്യം. എന്നാൽ, ആവശ്യത്തിന് താൽക്കാലിക തൊഴിലളികളെ നിയമിക്കേണ്ട നഗരസഭ പാർട്ടി താൽപര്യം നോക്കി നിയമനം വൈകിപ്പിക്കുന്നതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്ന് പ്രതിപക്ഷവും ആരോപിക്കുന്നുണ്ട്. ആരോപണ പ്രത്യാരോപണങ്ങൾ മുറക്കുനടക്കുമ്പോഴും അടിസ്ഥാന പ്രശ്നം പരിഹരിക്കാൻ ഭരണ നേതൃത്വത്തിനാകുന്നില്ല. 46 കണ്ടിൻജൻസി ജീവനക്കാരുള്ള നഗരസഭയിൽ 12 പേർ സർവിസിൽനിന്ന് പിരിഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു. ബാക്കിയുള്ള 36 തൊഴിലാളികളെ ഉപയോഗിച്ചാണ് 28 വാർഡുള്ള നഗരസഭയിൽ ക്ലീനിങ് ജോലി നടത്തുന്നത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് അധികം ആളെ എടുത്ത് ജോലി ചെയ്യിക്കാൻ വകുപ്പുെണ്ടങ്കിലും നടപടികളുണ്ടായില്ല. സമയബന്ധിതമായി പകരം ആളെ എടുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തിയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ മാസം ഇൻറർവ്യൂ നടത്തിയെങ്കിലും തൊഴിലാളികളെ നിയമിക്കാൻ തയാറായിട്ടില്ല. ഡെങ്കിപ്പനി പടരുന്നു മൂവാറ്റുപുഴ: പെരുമ്പാവൂരിന് പിന്നാലെ മൂവാറ്റുപുഴയിലും ഡെങ്കിപ്പനി പടരുന്നു. രോഗം സ്ഥിരീകരിച്ച ആറുപേർ അടക്കം പത്തോളം പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുടവൂർ, മുളവൂർ, ടൗൺ മേഖലകളിൽ നിന്നുള്ളവരാണ് ഡെങ്കിപ്പനി ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സക്കെത്തിയിട്ടുണ്ട്. ആയവന, വാളകം തുടങ്ങിയ ഭാഗങ്ങളിൽനിന്നുള്ളവരാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സക്കെത്തിയിരിക്കുന്നത്. ഒരാഴ്ചയിലേറെയായി ഡെങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ- ബോധവത്കരണ പരിപാടികൾ നടത്താൻ ആരോഗ്യ വകുപ്പ് തയാറായിട്ടില്ല. പെരുമ്പാവൂർ, കോലഞ്ചേരി മേഖലകളിൽ ഡെങ്കിപ്പനി പടരുന്നുവെന്ന റിപ്പോർട്ട് വന്നതിനെ തുടർന്ന് ജില്ല ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിരുന്നു. എന്നാൽ, മൂവാറ്റുപുഴയിൽ ഡെങ്കി ബാധിതരുടെ എണ്ണം വർധിച്ചിട്ടും ജില്ല കേന്ദ്രത്തിൽ റിപ്പോർട്ടുപോലും നൽകാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. കഴിഞ്ഞ വർഷം മൂവാറ്റുപുഴയിൽ നൂറുകണക്കിനുപേർക്ക് ഡെങ്കിപ്പനി പടർന്നുപിടിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.