ചെങ്ങന്നൂർ: രണ്ടാം വയലാർ എന്നറിയപ്പെടുന്ന വിപ്ലവഭൂമിയായ എണ്ണക്കാട് എ.കെ. ആൻറണിക്ക് ശക്തമായ മറുപടി നൽകിയാണ് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ആരംഭിച്ചത്. ജങ്ഷന് തൊട്ടടുത്തുതന്നെയായിരുന്നു വേദി. കമ്യൂണിസ്റ്റ് ചരിത്രത്തിൽ ഏറെ ഇടംനേടിയ എണ്ണക്കാട് ഗ്രാമം നേരം പുലർന്നപ്പോഴേക്കും ചുവപ്പണിഞ്ഞുകഴിഞ്ഞിരുന്നു. ഗായകസംഘത്തിെൻറ വേറിട്ട ഗാനങ്ങൾ മുഴങ്ങുമ്പോൾ പ്രവർത്തകരുടെ പ്രവാഹം. 10 ആണ് സമ്മേളനസമയമെങ്കിലും 9.30 ആയപ്പോഴേ കസേരകൾ നിറഞ്ഞുകവിഞ്ഞിരുന്നു. വേദിയിൽ മന്ത്രി ജി. സുധാകരൻ നേരേത്ത എത്തി. സി.പി.എം പ്രാദേശിക നേതാവ് ആർ. ഗോപാലകൃഷ്ണ പണിക്കർ അധ്യക്ഷനായി സമ്മേളനം ആരംഭിച്ചപ്പോഴേക്കും നേതാക്കൾ എത്തിത്തുടങ്ങിയിരുന്നു. എം.വി. ഗോവിന്ദൻ സർക്കാറിെൻറ വികസനപ്രവർത്തനങ്ങളിലൂടെ കത്തിക്കയറി നിൽക്കുമ്പോൾ ആർ. ബാലകൃഷ്ണപിള്ളയുടെ വരവ്. പിന്നാലെ സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ എത്തി. നേതാക്കളാൽ വേദിയും പ്രവർത്തകരാൽ സദസ്സും സമ്പുഷ്ടമാകുമ്പോൾ റോഡിൽ പ്രവർത്തകരുടെ മുഷ്ടിചുരുട്ടി അഭിവാദ്യം വിളി. എൽ.ഡി.എഫിെൻറ കരുത്തനായ മുഖ്യമന്ത്രി എത്തുകയായി. മുദ്രാവാക്യത്തിെൻറ അകമ്പടിയോടെ പിണറായി വേദിയിലേക്ക് എത്തുമ്പോൾ സദസ്സിെൻറയും വേദിയുടെയും എണീറ്റുനിന്നുള്ള ആദരം. എം.വി. ഗോവിന്ദെൻറ പ്രസംഗം കുറച്ചുകൂടി നീണ്ടു. അടുത്ത ഊഴം പിണറായിയുടേതായിരുന്നു. കാർഷികമേഖലയിലടക്കം സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങളും ഇനി വരാനിരിക്കുന്ന പദ്ധതികളും അക്കമിട്ട് നിരത്തിയശേഷം പോയത് എ.കെ. ആൻറണിയിലേക്കായിരുന്നു. ''ആൻറണിക്ക് ഏതോ വിഭ്രാന്തി പിടികൂടിയിരിക്കുകയാണ്. പണ്ട് ഇദ്ദേഹംതന്നെ പറഞ്ഞതാണ് പകൽ പലരും ഖദറും രാത്രിയിൽ കാവിയുമാണ് ധരിക്കുന്നതെന്ന്. ഞാനൊന്നു ചോദിച്ചോട്ടേ, ഇപ്പോൾ പകലും രാത്രിയുമെല്ലാം കോൺഗ്രസുകാർ കാവിയല്ലേ ധരിക്കുന്നത്? ഈ സർക്കാറിനെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ പറയേണ്ട എന്ന് പറയാൻ കഴിയുമോ? എം.എൽ.എമാരെ റിസോർട്ടുകളിൽ താമസിപ്പിക്കേണ്ട ഗതികേട് കോൺഗ്രസിനെല്ല ഉണ്ടായിട്ടുള്ളത്''- ചെങ്ങന്നൂരിലെ വിജയത്തിന് കരുത്ത് പകരണമെന്ന് പ്രവർത്തകരെ ഓർമിപ്പിച്ച് പിണറായി പ്രസംഗം അവസാനിപ്പിച്ചു. സജി ചെറിയാന് വിജയം ആശംസിച്ച് ഹസ്തദാനം നൽകിയശേഷം വേദിയിൽ തൊട്ടടുത്തിരുന്ന ആർ. ബാലകൃഷ്ണ പിള്ളയുമായി കുശലം പറഞ്ഞ് പിണറായി വേദി വിട്ടു. അടുത്ത പോയൻറായ ചെറിയനാട് എത്തി. അവിടെയും സർക്കാറിെൻറ വികസനകാര്യങ്ങൾ പറഞ്ഞശേഷം ആൻറണിക്കെതിരെ അതേ വാക്കുകൾ. ഇവിടെ മറ്റ് രണ്ടുപേർകൂടി വേദിയിലെത്തിയിരുന്നു. എം.പി. വീരേന്ദ്രകുമാറും ശോഭന ജോർജും. വേദിയിലുള്ളവരുമായി കുശലം പറഞ്ഞ് പിണറായി വേദി വിടുമ്പോൾ ഉച്ചവരെയുള്ള പര്യടനം അവസാനിച്ചു. വൈകീട്ട് നാലിന് ചെന്നിത്തല മഹാത്മ സ്കൂളിലെ വേദിയിലും അഞ്ചിന് മാന്നാർ ആലുംമൂട് ജങ്ഷനിലും ആറിന് പാണ്ടനാട് എം.എ.എം സ്കൂൾ മൈതാനത്തും പിണറായി ശൈലിയിൽതന്നെ പ്രസംഗം അവസാനിപ്പിക്കുമ്പോൾ ആദ്യദിവസത്തെ പ്രചാരണത്തിന് തിരശ്ശീല വീഴുകയായിരുന്നു. -സുധീർ കട്ടച്ചിറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.