കോടിയേരിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനിൽ യു.ഡി.എഫ് പരാതി നൽകി

ചെങ്ങന്നൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാർ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുകയാണെന്ന പ്രസ്താവനക്കെതിരെയാണ് പരാതി. സി.പി.എം മുഖപത്രത്തിൽ കഴിഞ്ഞ 18ന് കോടിയേരി എഴുതിയ ലേഖനമാണ് പരാതിക്കാധാരം. ഹിന്ദുത്വശക്തികളെ പ്രീതിപ്പെടുത്താനാണ് ഹിന്ദുസംഘടനയുടെ ഭാരവാഹിയായ ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കിയതെന്ന് കോടിയേരി ആരോപിച്ചിരുന്നു. കോണ്‍ഗ്രസി​െൻറ ഒത്തുകളി രാഷ്ട്രീയമാണിതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. സി.പി.എം നേതാവും പത്രത്തി​െൻറ ചീഫ് എഡിറ്ററുമായ എം.വി. ഗോവിന്ദന്‍, കെ.ജെ. തോമസ് എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസും അയച്ചു. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായാണ് കോടിയേരിയുടെ പ്രതികരണം. ഏഴ് ദിവസത്തിനുള്ളില്‍ ആരോപണങ്ങൾ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് കോൺഗ്രസ് അയച്ച നോട്ടീസില്‍ പറയുന്നത്. ചെറിയനാട് കൊല്ലകടവ് സ്വദേശി വാസുദേവന്‍ നായർക്കെതിരെയും നോട്ടീസ് അയച്ചു. ഇദ്ദേഹം വാങ്ങിയ 22 സ​െൻറ് വസ്തുവിലേക്കുള്ള നടപ്പുവഴി സംബന്ധിച്ച കേസില്‍ വിജയകുമാര്‍ എതിര്‍കക്ഷിയുമായി ഒത്തുകളിച്ച് തോറ്റുകൊടുെത്തന്നായിരുന്നു വാസുദേവന്‍ നായരുടെ ആരോപണം. ആരോപണങ്ങൾക്ക് പിന്നില്‍ തെരഞ്ഞെടുപ്പുരംഗത്ത് പരാജയഭീതിയുള്ള ചിലരാണെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.