യാക്കോബായ സഭ നേതൃത്വത്തിൽ അഴിച്ചുപണിക്ക്​ തീരുമാനം

പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സുന്നഹദോസാണ് തീരുമാനമെടുത്തത് കോലഞ്ചേരി: യാക്കോബായ സഭ നേതൃത്വത്തിൽ സമൂല അഴിച്ചുപണിക്ക് തീരുമാനം. സഭ മേലധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയാർക്കീസ് ബാവയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച പുത്തൻകുരിശ് പാത്രിയാർക്ക സ​െൻററിൽ ചേർന്ന സുന്നഹദോസാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യോഗത്തിൽ നേതൃ വീഴ്ചകൾക്കെതിരെ ഒരു വിഭാഗം മെത്രാപ്പോലീത്തമാർ രൂക്ഷവിമർശനം ഉയർത്തി. തുടർന്നാണ് നേതൃമാറ്റമടക്കം വിഷയങ്ങൾ ചർച്ചയായത്. സഭ കേസി​െൻറ തുടർ നടത്തിപ്പിന് കാര്യക്ഷമമായ രീതിയിൽ ലീഗൽ സെൽ പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. മെത്രാപ്പോലീത്തൻ ട്രസ്റ്റി സ്ഥാനത്തേക്ക് കാതോലിക്ക ബാവക്ക് പകരം മറ്റൊരാളെ നിയമിക്കും. സഭ സെക്രട്ടറി, ട്രസ്റ്റി സ്ഥാനങ്ങളിൽ ഒന്നര പതിറ്റാണ്ടായി മാറിമാറി തുടരുന്ന തമ്പു ജോർജ്, ജോർജ് മാത്യു എന്നിവർക്ക് പകരക്കാരെ കണ്ടെത്തും. ഈ സ്ഥാനങ്ങളിലേക്ക് വ്യവസായ പ്രമുഖൻ സാബു ജേക്കബ് അടക്കമുള്ളവരുടെ പേരുകൾ ചർച്ചക്കെത്തിയെങ്കിലും അന്തിമ തീരുമാനം അടുത്ത സുന്നഹദോസിൽ എടുക്കാനായി മാറ്റി. മുഴുവൻ സഭ സമിതികളും പുനഃസംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇൗ മാസം 16, 17 തീയതികളിൽ നടക്കാനിരുന്ന സഭയുടെ വാർഷിക സുന്നഹദോസ് വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി െവച്ചിരുന്നു. ഇത് ഉടൻ നടത്താനും ആ സുന്നഹദോസിൽ അന്തിമ തീരുമാനമെടുക്കാനുമാണ് തീരുമാനം. യോഗത്തിൽ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത രാജിസന്നദ്ധത അറിയിച്ചെങ്കിലും അതും വാർഷിക സുന്നഹദോസി​െൻറ പരിഗണനക്ക് വിട്ടു. സഭ സമാധാനവുമായി ബന്ധപ്പെട്ട് പാത്രിയാർക്കീസ് ബാവ എടുക്കുന്ന തീരുമാനങ്ങൾക്ക് സുന്നഹദോസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയും സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.