കൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികളുമായി വിശേഷങ്ങൾ പങ്കുവെച്ചും ആശംസകൾ കൈമാറിയും സുറിയാനി സഭ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. സെൻറര്‍ ഫോര്‍ എംപവര്‍മെൻറ് ആന്‍ഡ് എൻറിച്ച്മെൻറ് ചെയര്‍പേഴ്‌സൻ ഡോ. പി.എ. മേരി അനിതയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സ്‌പെഷല്‍ സ്‌കൂളുകളില്‍നിന്നുള്ള 32 കുട്ടികളാണ് പൂക്കളുമായി പാത്രിയാര്‍ക്കീസ് ബാവയെ കാണാന്‍ ഹോട്ടലിൽ എത്തിയത്. വീൽചെയറിലെത്തിയ ജ്യോതിയും ദേവും ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. കുട്ടികളെ സംരക്ഷിക്കുന്നവരെയും അധ്യാപകരെയും അനുമോദിച്ച ബാവ, കുട്ടികളെ അവരുടെ അടുത്ത് ചെന്ന് കാണുന്നതായിരുന്നു താൽപര്യമെന്നും എന്നാൽ, സമയക്കുറവുകൊണ്ടാണ് അടുക്കലേക്ക് വിളിപ്പിച്ചതെന്നും അറിയിച്ചു. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിെൻറ ഭാഗമായാണ് സന്ദർശനവേളയിൽ കുട്ടികളെ കാണാനാകുമോ എന്ന് സെൻറർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെൻറ് ബാവയോടാരാഞ്ഞത്. ബാവയുടെ സിറിയയിലെ കാര്യാലയം അദ്ദേഹം അതീവ തൽപരനാണെന്ന് അറിയിക്കുകയായിരുന്നു. സുപ്രഭാതം ആശംസിച്ചാണ് ബാവ കുരുന്നുകളിലേക്കിറങ്ങിച്ചെന്നത്. 'എന്തുണ്ട് വിശേഷം, എല്ലാവര്‍ക്കും സുഖമല്ലേ' എന്ന് ചോദിച്ചപ്പോൾ അവർ പുഞ്ചിരി നിറഞ്ഞ മുഖവും കൗതുകം വിടർന്ന കണ്ണുകളുമായി അടുത്തേക്ക് വന്നു. കുട്ടികള്‍ അവര്‍ കൊണ്ടുവന്ന പൂക്കള്‍ ബാവക്ക് നല്‍കി. കുട്ടികളോടൊപ്പം 20 മിനിറ്റോളം അദ്ദേഹം െചലവഴിച്ചു. ഓരോരുത്തരോടും പേര് ചോദിച്ച ബാവ, ദൈവം നിങ്ങളോടൊപ്പമുണ്ടാകട്ടെയെന്ന് ആശംസിച്ചു. എല്ലാ മുഖങ്ങളിലും എന്നും ഇതേ ചിരിയുണ്ടാവട്ടെ എന്ന് അനുഗ്രഹിച്ചും എല്ലാവരെയും കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും പറഞ്ഞാണ് ബാവ മടങ്ങിയത്. യുദ്ധഭൂമിയായ സിറിയയിലും ഇറാഖിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് പാത്രിയാര്‍ക്കീസ് ബാവ. ലബനാന്‍ ബിഷപ് ജോര്‍ജ് സലീബ, അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മാര്‍ തിമോത്തിയോസ്, പാത്രിയാര്‍ക്കീസ് ബാവയുടെ സെക്രട്ടറി ജോസഫ് ബാലി റമ്പാന്‍ എന്നിവരും ബാവക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.