പറവൂർ: ശക്തമായ കാറ്റിൽ വീട് തകർന്ന് വയോധികക്ക് പരിക്കേറ്റു. ചേന്ദമംഗലം പഞ്ചായത്ത് 10ാം വാർഡ് പാലാതുരുത്ത് മണപ്പാട്ടുതറ ഷാജിയുടെ വീടാണ് തകർന്നത്. ശനിയാഴ്ച ഉച്ചക്ക് 12നാണ് അപകടം. ഓടും മരക്കഷണങ്ങളും വീണ് ഷാജിയുടെ അമ്മ സുമതിക്കാണ് (80) പരിക്കേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ തലയിൽ നാല് തുന്നലിട്ടു. വിരലുകൾക്കും പരിക്കുണ്ട്. കൂലിപ്പണിക്കാരനാണ് ഷാജി. അമ്മക്കും ഭാര്യ രമണിക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസിച്ചിരുന്നത്. അപകട സമയം സുമതി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട് നഷ്ടപ്പെട്ട ഇവർ ബന്ധുവിെൻറ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ലഭ്യമായിട്ടില്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും റേഷൻ കാർഡ് ഇല്ലാത്തതിനാല്‍ അനുമതി ലഭിച്ചില്ല. പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് വീട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. അനൂപ് പറഞ്ഞു. തഹസിൽദാർ എം.എച്ച്. ഹരീഷ്, ചേന്ദമംഗലം വില്ലേജ് ഓഫിസർ ദത്തൻ, പഞ്ചാത്ത് പ്രസിഡൻറ് ടി.ജി. അനൂപ്, വാർഡ് അംഗം എ.എം. ഇസ്മായിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.