കൊച്ചി സ്മാര്‍ട്ട്​സിറ്റി രണ്ടാംഘട്ട വികസനം ഊര്‍ജിതം ^സി.ഇ.ഒ

കൊച്ചി സ്മാര്‍ട്ട്സിറ്റി രണ്ടാംഘട്ട വികസനം ഊര്‍ജിതം -സി.ഇ.ഒ കൊച്ചി: ഐ.ടി സ്വപ്‌നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട്സിറ്റി രണ്ടാംഘട്ട വികസനം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്ന് സി.ഇ.ഒ മനോജ് നായര്‍ പറഞ്ഞു. ടൈ കേരള സംഘടിപ്പിച്ച പരിപാടിയില്‍ 'സ്മാര്‍ട്ട്സിറ്റി കൊച്ചി- ഇവല്യൂഷന്‍ ഓഫ് ടൗണ്‍ഷിപ് ടു നര്‍ച്ചര്‍ എൻറർപ്രണറിയല്‍ ഇക്കോസിസ്റ്റം' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2000 കോടി രൂപയാണ് സഹ സംരംഭകരുമായി ചേര്‍ന്ന് നടപ്പാക്കുന്ന രണ്ടാം ഘട്ടത്തിലെ മൊത്തം നിക്ഷേപം. സഹ സംരംഭകരുടെ പദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലാണ് സ്മാര്‍ട്ട്സിറ്റി പ്രധാനമായും ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. ഊര്‍ജ സ്വയംപര്യാപ്തതക്ക് രണ്ട് സബ് സ്റ്റേഷനുകൾ സെപ്റ്റംബറോടെ കമീഷന്‍ ചെയ്യും. സോളാര്‍ പ്ലാൻറുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ മറ്റ് ഊര്‍ജസ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും പ്രതിബദ്ധമാണെന്നും സി.ഇ.ഒ പറഞ്ഞു. മൂന്ന് എം.എല്‍.ഡി ജല സംസ്‌കരണ പ്ലാൻറുകൾ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഐ.ടി ടവറിനും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി 300 കോടി രൂപയുടെ നിക്ഷപം നടത്തിയിട്ടുണ്ട്. നിലവില്‍ 32 ഏക്കറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ടൗണ്‍ഷിപ് ഭാഗത്ത് മറ്റൊരു 32 ഏക്കര്‍ ഏറ്റെടുക്കാൻ തയാറാക്കിയിട്ടിരിക്കുകയാണ്. പദ്ധതി പ്രദേശത്തേക്കുള്ള സമ്പൂര്‍ണ ഗതാഗത പരിഹാരത്തിനായി കെ.എം.ആര്‍.എല്ലുമായി ചര്‍ച്ച നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.