കൊച്ചി: സിവിൽ സപ്ലൈസ് കോർപറേഷനിൽ (സപ്ലൈകോ) നിയമന നടപടികൾ ഇഴയുന്നതിനിടെ താൽക്കാലികക്കാർക്ക് ജോലിയിൽ തുടരാൻ സർക്കാർ അനുമതി. പരീക്ഷയെഴുതി റാങ്ക്ലിസ്റ്റിൽ ഇടംപിടിച്ച ആയിരങ്ങൾ തൊഴിലിന് കാത്തിരിക്കുേമ്പാഴാണ് നിയമന നടപടികൾ വൈകിപ്പിച്ച് പി.എസ്.സി ഉദ്യോഗാർഥികളെ വട്ടംകറക്കുന്നത്. രാഷ്ട്രീയ സ്വാധീനത്തിൽ ജോലിയിൽ കയറിപ്പറ്റിയവരെ സംരക്ഷിക്കാൻ പി.എസ്.സി കൂട്ടുനിൽക്കുകയാണെന്നാണ് ആക്ഷേപം. അസിസ്റ്റൻറ് സെയിൽസ്മാൻ തസ്തികയുടെ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ച് മാസങ്ങളായിട്ടും നിയമന നടപടികൾ ത്വരിതപ്പെടുത്തിയിട്ടില്ല. മുൻ ലിസ്റ്റിെൻറ കാലാവധി അവസാനിച്ചിട്ട് ഒന്നരവർഷമായി. ഇതിനിടെ സപ്ലൈകോയിൽ നൂറുകണക്കിന് ഒഴിവുകൾ ഉണ്ടായിട്ടും പി.എസ്.സി ലിസ്റ്റിൽനിന്ന് നിയമനം നടത്താതെ താൽക്കാലികക്കാരെ വെച്ച് മുന്നോട്ടുപോകുകയാണ്. പിൻവാതിൽ നിയമനം നേടിയവരെ സംരക്ഷിക്കാൻ അപ്രഖ്യാപിത നിയമനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നാണ് റാങ്ക് ജേതാക്കായ ഉദ്യോഗാർഥികളുടെ ആരോപണം. പി.എസ്.സി വഴി നിയമനം അനിശ്ചിതത്വത്തിലാകുകയും ജോലിഭാരം കൂടുകയും ചെയ്തതോടെ സപ്ലൈകോ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് അസിസ്റ്റൻറ് സെയിൽസ്മാൻ, ജൂനിയർ അസിസ്റ്റൻറ് എന്നിവരുടെ താൽക്കാലിക തസ്തികകളുടെ കാലാവധി ഒരു വർഷത്തേക്കുകൂടി സർക്കാർ നീട്ടി നൽകിയത്. 2013ൽ സെയിൽസ്മാൻമാരുടെ 200ഉം ജൂനിയർ അസിസ്റ്റൻറുമാരുടെ നൂറും താൽക്കാലിക തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ സപ്ലൈകോക്ക് അനുമതി നൽകിയിരുന്നു. സെപ്ലെകോ ഒൗട്ട്െലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചെങ്കിലും ആനുപാതികമായി തസ്തികകൾ സൃഷ്ടിക്കാൻ സർക്കാർ തയാറായിരുന്നില്ല. ജീവനക്കാരുടെ കുറവുമൂലം പല ഒൗട്ട്െലറ്റുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അസിസ്റ്റൻറ് സെയിൽസ്മാൻമാരുടെ 200 തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അനുവദിച്ച താൽക്കാലിക തസ്തികകൾ സ്ഥിരമാക്കി നൽകണമെന്നും ആവശ്യപ്പെട്ട് സപ്ലൈകോ മാനേജിങ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ജൂനിയർ അസിസ്റ്റൻറ്, സെയിൽസ്മാൻ താൽക്കാലിക തസ്തികകളുടെ കാലാവധി 2019 മാർച്ച് 31വരെ നീട്ടി സർക്കാർ ഉത്തരവിറക്കിയത്. ഇതുമൂലമുണ്ടാകുന്ന സാമ്പത്തികബാധ്യത ഒരു കാരണവശാലും സർക്കാർ ഏറ്റെടുക്കില്ലെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സപ്ലൈകോയിൽ നിയമന നിരോധനമില്ലെന്നും പി.എസ്.സി വഴിയുള്ള ഉദ്യോഗാർഥികൾ എത്തുന്ന മുറക്ക് താൽക്കാലികക്കാരെ ഒഴിവാക്കുമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. --പി.പി. കബീർ--
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.