വനിത കമീഷൻ മെഗാ അദാലത്: 113 പരാതിയിൽ 38 എണ്ണം തീർപ്പാക്കി

കൊച്ചി: എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കുന്ന വനിത കമീഷൻ മെഗാ അദാലത്തിൽ ചൊവ്വാഴ്ച ലഭിച്ചത് 113 പരാതി. ഇവയിൽ 38 എണ്ണം തീര്‍പ്പാക്കി. 17 പരാതിയിൽ പൊലീസില്‍നിന്നും വിവിധ വകുപ്പുകളില്‍നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എട്ട് പരാതി ആർ.ഡി.ഒക്കും നാലുപരാതി കൗണ്‍സലിങ്ങിനായും നൽകി. 46 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് കമീഷൻ വ്യക്തമാക്കി. ഏതു മാധ്യമങ്ങളിലൂടെ ആയാലും സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ അനുവദിക്കാന്‍ പാടില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ ഭാഷ ഏറ്റവും മോശമാണ്. നിലവാരമുള്ള വ്യക്തികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയാത്തത്രയും നീചഭാഷയാണ് ഇവര്‍ പ്രയോഗിക്കുന്നതെന്നും കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ പറഞ്ഞു. കഴിഞ്ഞ നാലുമാസത്തിനിടെ 3000 കേസാണ് കമീഷനിലെത്തിയത്. ഗാർഹികപീഡനം സംബന്ധിച്ച പരാതികൾ വർധിച്ചതായി കമീഷൻ അംഗങ്ങൾ അഭിപ്രായപ്പെട്ടു. വിവാഹവാഗ്ദാനം നൽകി വിദ്യാർഥിനിയുമായി ശാരീരികബന്ധം പുലർത്തിയ കാമുകൻ പിന്നീട് കൈയൊഴിഞ്ഞെന്ന പരാതി ചൊവ്വാഴ്ച കമീഷൻ പരിഗണിച്ചെങ്കിലും എതിർകക്ഷി ഹാജരായില്ല. സംഭവത്തിൽ പൊലീസ് റിപ്പോർട്ട് തേടുന്നതിനൊപ്പം അടുത്ത സിറ്റിങ്ങിൽ എതിർകക്ഷിയെ നോട്ടീസയച്ച് വിളിപ്പിക്കാനും തീരുമാനിച്ചു. രാഷ്ട്രീയവും വ്യക്തിപരവുമായ അവേഹളനത്തിനെതിരെ ആലുവ മുനിസിപ്പൽ കൗൺസിലറും റോഡിലെ മാലിന്യം നീക്കുന്നത് സംബന്ധിച്ച പരാതിയുമായി ഞാറക്കൽ പഞ്ചായത്ത് അംഗവും കമീഷനിലെത്തിയിരുന്നു. കോഫി ബോർഡ് ജീവനക്കാരനെതിരെ ഭാര്യ നൽകിയ പരാതി ബോർഡ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ തീർപ്പാക്കി. കോടതി പരിഗണനയിലിരിക്കുന്ന നിരവധി കേസുകളും കമീഷനിലെത്തി. അവയിൽ കോടതി തീർപ്പിന് കാത്തിരിക്കാനാണ് കമീഷൻ പരാതിക്കാർക്ക് നൽകിയ നിർദേശം. കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ, അംഗങ്ങളായ ഇ.എം. രാധ, ഷാഹിദ കമാൽ, ഡയറക്ടർ വി.യു. കുര്യാക്കോസ്, ലീഗൽ പാനൽ അംഗങ്ങളായ സ്മിത ഗോപി, ആൻസി പോൾ, യമുന, വനിത സെൽ എസ്.ഐ സോൻ മേരി പോൾ, സിവിൽ പൊലീസ് ഓഫിസർ ബീന എന്നിവർ പങ്കെടുത്തു. സിറ്റിങ് ബുധനാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.