കൊച്ചി: വരുമാനം വർധിപ്പിക്കാൻ പുതിയ പദ്ധതിയൊരുക്കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മെട്രോ സ്‌റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങൾ പാട്ടത്തിന് നല്‍കിയും പാര്‍ക്കിങ് മേഖലയും മറ്റും തുറന്നുകൊടുത്തും കമ്പനികളുടെ ബ്രാന്‍ഡിങ് നടത്തിയുമാണ് വരുമാന വർധനക്ക് പദ്ധതിയൊരുക്കുന്നത്. കൊച്ചി മെട്രോ കമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഷോയില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃതര്‍ വിശദീകരിച്ചു. മെട്രോ സ്റ്റേഷനിലെ സ്ട്രീറ്റ് ഏരിയ, കോണ്‍കോഴ്‌സ് ഏരിയ, പ്ലാറ്റ്‌ഫോം, ലിങ്ക് ബ്രിഡ്ജ് എന്നിങ്ങനെ തിരിച്ച് ഏഴുവര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി വര്‍ഷം 72 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. റസ്റ്റാറൻറുകള്‍, ഫ്രൂട്ട്‌സ് സ്റ്റാളുകള്‍, എ.ടി.എം, മില്‍മ ബൂത്തുകള്‍, ലെസി ഷോപ്പുകള്‍, സ്‌നാക്‌സ് കോഫി ബാറുകള്‍, മൊബൈല്‍ റീചാര്‍ജിങ് ഷോപ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹൈപർ മാര്‍ക്കറ്റുകള്‍ എന്നിങ്ങനെയാണ് സ്ഥലങ്ങള്‍ നിര്‍ണയിച്ച് നല്‍കിയിരിക്കുന്നത്. ആലുവ, പുളിഞ്ചുവട്, കമ്പനിപ്പടി, കളമശ്ശേരി, കൊച്ചി യൂനിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, എം.ജി റോഡ്, മഹാരാജാസ് കോളജ് സ്‌റ്റേഷനുകളായിരിക്കും പാട്ടത്തിന് നല്‍കുക. പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള മെട്രോയുടെ കൈവശമുള്ള തുറന്ന സ്ഥലങ്ങളാണ് പ്രോപ്പര്‍ട്ടി ഡെവലപ്മെൻറിന് നല്‍കുന്നത്. കളമശ്ശേരി, കൊച്ചി യൂനിവേഴ്‌സിറ്റി, ഇടപ്പള്ളി, കലൂര്‍ സ്റ്റേഷനുകളോടൊപ്പം വരാനിരിക്കുന്ന തൃപ്പൂണിത്തുറ പേട്ട സ്റ്റേഷെൻറ ഭൂമിയും ഇതിന് ലഭ്യമാക്കും. ചതുരശ്ര അടിക്ക് 75 മുതല്‍ 100 രൂപവരെ വിലയിലാണ് പാട്ടത്തിന് നല്‍കുന്നത്. എം.ജി റോഡ്, മഹാരാജാസ്, ഇടപ്പള്ളി സ്റ്റേഷനുകളില്‍ 100 രൂപയാണ് ച.അടിക്ക് വില. ആലുവ, പാലാരിവട്ടം, ചങ്ങമ്പുഴ തുടങ്ങിയ സ്റ്റേഷനുകളില്‍ 80 മുതല്‍ 90 രൂപവരെയും പുളിഞ്ചുവട്, കമ്പനിപ്പടി, പത്തടിപ്പാലം സ്റ്റേഷനുകളില്‍ 75 രൂപയുമാണ് വില. പാട്ടത്തിനെടുക്കുന്ന സ്ഥാപനം ഒരു വര്‍ഷത്തെ വാടക ഡെപ്പോസിറ്റ് നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.