പിഴല മാതൃകയിൽ കൂടുമത്സ്യകൃഷി: സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടി മഹാരാഷ്​ട്ര

കൊച്ചി: കൂടുമത്സ്യകൃഷിയിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തി​െൻറ (സി.എം.എഫ്.ആർ.ഐ) സാങ്കേതികസഹായം തേടി മഹാരാഷ്ട്ര. സി.എം.എഫ്.ആർ.ഐ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ പിഴലയിലും സംസ്ഥാനത്തി​െൻറ മറ്റുഭാഗങ്ങളിലും ചെയ്തുവരുന്ന കൂടുമത്സ്യകൃഷി വിജയമാതൃകകൾ പിന്തുടരുന്നതിനാണ് മഹാരാഷ്ട്ര ധനകാര്യ-ആസൂത്രണ സഹമന്ത്രി ദീപക് കേസാർക്കർ സി.എം.എഫ്.ആർ.ഐയുടെ പിന്തുണ തേടിയത്. സി.എം.എഫ്.ആർ.ഐയിൽ വിവിധ വകുപ്പ് മേധാവികളുമായി നടന്ന ചർച്ചയിലാണ് മന്ത്രി സഹായം ആവശ്യപ്പെട്ടത്. സിന്ധുദുർഗ് ജില്ലയിൽ 500 കൂടുകൃഷി യൂനിറ്റ് സ്ഥാപിക്കുന്നതിന് സാങ്കേതികസഹായം നൽകാൻ മഹാരാഷ്ട്ര സർക്കാർ സി.എം.എഫ്.ആർ.ഐക്ക് സാമ്പത്തികസഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ധാരണയനുസരിച്ച് സി.എം.എഫ്.ആർ.ഐയിലെ മാരികൾചർ വിഭാഗത്തിലെ ഒരുസംഘം സിന്ധുദുർഗിൽ സന്ദർശനം നടത്തി ജലാശയങ്ങളുടെ പാരിസ്ഥിതികഘടകങ്ങൾ വിലയിരുത്തും. മന്ത്രിയോടൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ചെറുകിട വ്യവസായ കോർപറേഷൻ ജോയൻറ് ഡയറക്ടർ ലീന ബൻസോഡ് പിഴലയിലെ കൂടുമത്സ്യകൃഷി യൂനിറ്റുകൾ സന്ദർശിച്ചു. പിഴല ദ്വീപിൽ സ്ത്രീകളുടെകൂടി സജീവപങ്കാളിത്തത്തിൽ നടന്നുവരുന്ന കൂടുമത്സ്യകൃഷി യൂനിറ്റുകളിലെ കൃഷിരീതികൾ നേരിട്ട് മനസ്സിലാക്കി. ഇരുനൂറോളം കൂടുകളിലാണ് പിഴലയിൽ മത്സ്യകൃഷി നടക്കുന്നത്. സി.എം.എഫ്.ആർ.ഐ മാരികൾചർ വിഭാഗം മേധാവി ഡോ. ഇമൽഡ ജോസഫ്, ഫിഷറി റിസോഴ്‌സസ് അസസ്‌മ​െൻറ് വിഭാഗം മേധാവി ഡോ. ടി.വി. സത്യാനന്ദൻ, സമുദ്ര ജൈവവൈവിധ്യ വിഭാഗം മേധാവി ഡോ. കെ.കെ. ജോഷി, അടിത്തട്ട് മത്സ്യവിഭാഗം മേധാവി ഡോ. പി.യു. സക്കറിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.