ആലപ്പുഴ: പാതിരപ്പള്ളിയിലെ സ്നേഹജാലകത്തിെൻറ കീഴിലെ ജനകീയ ഭക്ഷണശാലക്ക് രണ്ടുമാസമായി സൗജന്യമായി പച്ചക്കറി എത്തിക്കുന്ന അജ്ഞാതനായ സുമനസ്സുകാരനാരാണ്?. ഈ ചോദ്യത്തിനുള്ള ഉത്തരം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തി. കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് സ്റ്റേഷൻ മാസ്റ്ററായി വിരമിച്ച എസ്.എൽ പുരം ഗ്രീഷ്മത്തിൽ വിപിനചന്ദ്രന്‍ നായരാണ് (69) ഈ നല്ല ഹൃദയത്തിെൻറ ഉടമ. ജനകീയ ഭക്ഷണശാല തുടങ്ങിയ കാലം മുതല്‍ ആരോ ഒരാള്‍ ആഴ്ചതോറും ആവശ്യമുള്ള പച്ചക്കറികൾ ഭക്ഷണശാലയില്‍ പതിവായി എത്തിക്കുന്നുണ്ട്. ഇയാൾ സ്വന്തം വാഹനത്തില്‍ പച്ചക്കറികൾ കൊണ്ടുവന്ന് അധികമാരോടും പറയാതെ അടുക്കളയിലെ സ്റ്റോറില്‍ െവച്ചിട്ട് പോവുകയാണ് പതിവ്. ആരോ പച്ചക്കറിക്കടയില്‍നിന്ന് എത്തിക്കുന്ന സാധനങ്ങളാണെന്നാണ് സ്നേഹജാലകം പ്രവര്‍ത്തകര്‍ ആദ്യം കരുതിയിരുന്നത്. ഭക്ഷണശാലക്ക് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള കണിച്ചുകുളങ്ങരയിൽനിന്നാണ് ഇദ്ദേഹം തുടർച്ചയായി പച്ചക്കറി സൗജന്യമായി എത്തിച്ചിരുന്നത്. രണ്ട് വർഷമായി വീടിന് സമീപത്ത് പച്ചക്കറി കൃഷി നടത്തുകയാണ് വിപിനചന്ദ്രൻ നായർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിച്ചപ്പോഴാണ് ഇവ ജനകീയ ഭക്ഷണശാലക്ക് നൽകാൻ തീരുമാനിച്ചതെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഇനിയും ഇത് തുടരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹത്തെ പ്രകീർത്തിച്ചു. മനുഷ്യന് നന്മയിലുള്ള വിശ്വാസമാണ് ജനകീയ ഭക്ഷണശാലയെ മുന്നോട്ട് നയിക്കുന്നത്. ഇത്തരം അനുഭവങ്ങള്‍ അതിനെ ഊട്ടിയുറപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൽപരനായ വിപിനചന്ദ്രന്‍ നായർ വോളിബാൾ കോച്ചായി പ്രവർത്തിക്കാനും സമയം കണ്ടെത്തുന്നു. കലാ സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകും ആലപ്പുഴ: ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി സംസ്ഥാന യുവജന ക്ഷേമ ബോർഡിെൻറ ആഭിമുഖ്യത്തിൽ ആരംഭിച്ച കലാ സാംസ്കാരിക യാത്രക്ക് ജില്ലയുടെ വിവിധ ഇടങ്ങളിൽ സ്വീകരണം നൽകുമെന്ന് ജില്ല യൂത്ത് കോഓഡിനേറ്റർ ടി.ടി. ജിസ്മോൻ, യൂത്ത് പ്രോഗ്രാം ഓഫിസർ എസ്.ബി. ബീന എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ഏഴിന് കായംകുളത്ത് എത്തിച്ചേരുന്ന ജാഥക്ക് നൽകുന്ന സ്വീകരണ യോഗം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ഹരിപ്പാട് ഗാന്ധി സ്ക്വയർ, അമ്പലപ്പുഴ ബസ് സ്റ്റാൻഡ്, ആലപ്പുഴ കൊമ്മാടി ജങ്ഷൻ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ജില്ലയിലെ ജാഥയുടെ പര്യടനം ചേർത്തലയിൽ അന്ന് വൈകീട്ട് ആറിന് സമാപിക്കും. സമാപന സമ്മേളനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ഇരുപതിലേറെ കലാകാരന്മാർ ഒരുക്കുന്ന നാടകം, നാടൻപാട്ടുകൾ, തത്സമയ ചിത്രരചന തുടങ്ങിയവ യാത്രയിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.