മണ്ണഞ്ചേരി: ഓട്ടൻതുള്ളൽ ജീവിതസപര്യയാക്കിയ മണ്ണഞ്ചേരി ദാസന് കുഞ്ചൻ നമ്പ്യാർ പുരസ്കാരം. 35 വർഷത്തിനുള്ളിൽ മൂവായിരത്തിലധികം വേദികളിൽ തുള്ളൽ അവതരിപ്പിച്ച ദാസൻ മണ്ണഞ്ചേരി കുന്നപ്പള്ളി കാനാട്ടുചിറയിൽ കൃഷ്ണെൻറയും ചീരമ്മയുടെയും ഏഴ് മക്കളിൽ മൂത്തയാളാണ്. കുടുംബത്തിലെ ദാരിദ്ര്യംമൂലം ആറാം ക്ലാസിൽ പഠിത്തം അവസാനിപ്പിച്ച് കൂലിപ്പണി ചെയ്തു. ഇടക്ക് സാംസ്കാരിക പ്രസ്ഥാനങ്ങളിലൂടെ സംഗീത-സാഹിത്യങ്ങളിൽ പരിശീലനം നേടി. 1963ൽ നാട്ടിലെ വായനശാലയിൽ നടത്തിയ നാടകത്തിൽ ഹാസ്യകഥാപാത്രമായി അരങ്ങേറ്റം കുറിച്ചു. വിൽപാട്ടും സംഗീതഭജനയും ഗാനമേളകൾക്കിടക്കും പിന്നീട് അവിചാരിതമായി തുള്ളൽ കല പഠിച്ചു. തുള്ളൽ കലാരംഗത്തെ ചക്രവർത്തിയായിരുന്ന മലബാർ രാമൻ നായരുടെ ശിഷ്യനായിരുന്ന കണിച്ചുകുളങ്ങര വി.കെ. ദാമോദരനാശാനാണ് തുള്ളലിെല ഗുരു. രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങൾക്കുവേണ്ടിയും ആരോഗ്യ-ശുചിത്വ മേഖലക്കും സർക്കാർ-സർക്കാറിതര ഏജൻസികൾക്കുവേണ്ടിയും വേദികളിൽ വേഷപ്പകർച്ച ചെയ്തു. 2006ൽ മുംബൈയിൽ നടന്ന ഇൻറർനാഷനൽ ടൂറിസം എക്സിബിഷനിൽ രാവിലെ മുതൽ വൈകീട്ടുവരെ തുടർച്ചയായ മൂന്നുദിവസങ്ങളിൽ ഓട്ടൻതുള്ളൽ നടത്തിയതും രാഷ്ട്രപതിയായിരുന്ന പ്രതിഭ പാട്ടീലിനെ സ്വീകരിക്കാൻ ശാന്തിഗിരിയിൽ തുള്ളൽ നടത്താൻ അവസരം ലഭിച്ചതും മറക്കാനാവാത്ത അനുഭവം. കേരള സംഗീതനാടക അക്കാദമി രജിസ്ട്രേഷൻ, ആകാശവാണി, ദൂരദർശൻ, ആലപ്പുഴ രൂപത, സോങ് ആൻഡ് ഡ്രാമ വിഷൻ, നെഹ്‌റു യുവകേന്ദ്ര, കേന്ദ്ര ആധ്യാത്മിക സാംസ്കാരികവേദി, കേരള സംസ്ഥാന സാംസ്കാരിക വകുപ്പ്, സൗത്ത് സോൺ കൾചറൽ സെൻറർ, നെടുമ്പാശ്ശേരി കലാദർപ്പണം അവാർഡ്, കേരള കലാമണ്ഡലം സമാദരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങളും അവാർഡുകളും ദാസനെ തേടി എത്തി. 2017ൽ തുള്ളൽരംഗത്തെ സമഗ്ര സംഭാവനയെ മാനിച്ച് ലക്കിടി കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ നമ്പ്യാർ സ്‌മാരക അവാർഡും ദാസെൻറ ജീവിതത്തിലെ നിറമുള്ള അനുഭവമായി. 74മത്തെ വയസ്സിലും ജനങ്ങളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഓട്ടനും ശീതങ്കനും പറയനുമായി തുള്ളിച്ചാടി സാമൂഹികനന്മക്ക് പ്രവർത്തിക്കുകയാണ് ഇൗ കലാകാരൻ. സുജാതയാണ് ഭാര്യ. മക്കൾ: വിനിത, വാഞ്ചിനാഥൻ. കുഞ്ചൻ ദിനാഘോഷം ഇന്ന് ആരംഭിക്കും ആലപ്പുഴ: കുഞ്ചൻ നമ്പ്യാർ സ്മാരകസമിതിയുടെ ആഭിമുഖ്യത്തിൽ ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ കുഞ്ചൻ ദിനാഘോഷത്തിന് അമ്പലപ്പുഴയിൽ വെള്ളിയാഴ്ച തുടക്കമാകും. കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ രാവിലെ 10.30ന് ചിത്രരചന മത്സരം, ഉച്ചക്ക് രണ്ടിന് കവി സമ്മേളനം. വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം ഉദ്ഘാടനവും സിനിമനടൻ ഇന്ദ്രൻസിന് ഹാസ്യപ്രതിഭ പുരസ്കാര സമർപ്പണവും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. സുജ സൂസൻ ജോർജ് കുഞ്ചൻ നമ്പ്യാർ അനുസ്മരണം നടത്തും. തുടർന്ന് പാഴൂർ ഗുരുകുലത്തിെൻറ മുടിയേറ്റ്. അഞ്ചിന് രാവിലെ ഒമ്പതിന് തുള്ളൽ കലാകാരന്മാരുടെ സംഗമം, 10ന് ശീതങ്കൻ തുള്ളൽ, 12.30ന് മണ്ണഞ്ചേരി ദാസെൻറ ഓട്ടൻതുള്ളൽ. ഉച്ചക്ക് രണ്ടിന് സെമിനാർ. വൈകീട്ട് നാലിന് പറയൻ തുള്ളൽ. 5.30ന് സമാപന സമ്മേളനം ഉദ്ഘാടനവും മണ്ണഞ്ചേരി ദാസന് തുള്ളൽ കലാപുരസ്കാര സമർപ്പണവും കലാമണ്ഡലം പ്രഭാകരൻ നിർവഹിക്കുമെന്ന് സമിതി ചെയർമാൻ ഡോ. പള്ളിപ്പുറം മുരളി, സെക്രട്ടറി കെ.വി. വിപിൻദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ഏഴിന് മുളസംഗീതവും നാടൻപാട്ടും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.