ചെങ്ങന്നൂർ: നേപ്പാളിൽ ജനിച്ച രവീൺ ഖത്രിക്ക് മലയാളം മീഡിയത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ്. ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ രവീൺ ഖത്രി രാം ബഹദൂർ ഖത്രി-മഥന ഖത്രി ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തയാളാണ്. രവീൺ ഖത്രിയുടെ അച്ഛൻ കേരളത്തിൽ ഗൂർഖയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 22 വർഷമായി. 16 വർഷം മുമ്പ് നേപ്പാളിലെ കൺപൂരിൽ ജിൻനിലയിൽ ജനിച്ച രവീൺ ഖത്രി രണ്ടാം വയസ്സിൽ കേരളത്തിൽ എത്തിയതാണ്. എട്ടാംക്ലാസ് വരെ ചെന്നിത്തല ഇരമത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ സെൻറ് ഗ്രിഗോറിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ഒമ്പതാം ക്ലാസ് മുതലാണ് മഹാത്മ ഹൈസ്കൂളിലേക്ക് പഠനം മാറ്റിയത്. പഠനത്തിൽ മികവിനൊപ്പം എൻ.സി.സിയിലും കഴിവ് തെളിയിച്ച് ദേശീയ ക്യാമ്പിലും പങ്കെടുത്തു. സിനിമ അഭിനയവും മിലിട്ടറിയിൽ ചേരുന്നതും ആഗ്രഹമായി സൂക്ഷിക്കുന്ന ഈ മിടുക്കൻ പ്ലസ് ടുവിന് ഏതുവിഷയം തെരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ഇരട്ടകളായ സഹോദരൻ കുഷൽ ഖത്രിയും സഹോദരി കുസും കുമാരി ഖത്രിയും ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസിലാണ്. മാന്നാർ-തട്ടാരമ്പലം റോഡിൽ വലിയപെരുമ്പുഴയിലാണ് താമസം. സ്കൂളുകളെയും വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും മന്ത്രി ജി. സുധാകരൻ അഭിനന്ദിച്ചു. വിജയികൾക്ക് മുന്നോട്ടുള്ള വിദ്യാഭ്യാസ കാലഘട്ടങ്ങളിൽ ഇനിയും ഉന്നതവിദ്യാഭ്യാസം കൈവരിക്കാൻ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ഉന്നതവിജയം കരസ്ഥമാക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കിയ അധ്യാപകർക്കും മന്ത്രി ജി. സുധാകരൻ അഭിനന്ദനം അറിയിച്ചു. അമ്പലപ്പുഴ മണ്ഡലത്തിലെ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനും മുഹമ്മദൻസ് ഗേൾസ്-ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനും തിരുവമ്പാടി ഹയർ സെക്കൻഡറി സ്കൂളിനും ലജ്നത്ത് ഹയർ സെക്കൻഡറി സ്കൂളിനും പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിനും നാലുചിറ ഹൈസ്കൂളിനും 100 ശതമാനം വിജയം േനടാൻ കഴിഞ്ഞതിൽ മന്ത്രി പ്രത്യേകം അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.