ചെങ്ങന്നൂര്‍: വിജ്ഞാപനം വന്നശേഷവും നിസ്സഹകരണം തുടരുന്ന ബി.ഡി.ജെ.എസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ചെങ്ങന്നൂരില്‍ ചേര്‍ന്ന എൻ.ഡി.എ യോഗം തീരുമാനിച്ചു. ബി.ഡി.ജെ.എസിെൻറ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടെന്നാണ് മുന്നണിയിലെ പ്രമുഖ കക്ഷിയായ ബി.ജെ.പിയുടെ അഭിപ്രായം. ബി.ഡി.ജെ.എസിനെ ഒഴിവാക്കി മണ്ഡലം കണ്‍വെന്‍ഷന്‍ വിളിക്കാനും തീരുമാനിച്ചു. ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിെൻറ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു. ബി.ഡി.ജെ.എസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയിട്ടും കേന്ദ്രനേതൃത്വം പരിഹാരത്തിന് ഇടപെടാത്തതും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പ്രതിസന്ധിയായി. എന്നാല്‍, മറ്റ് രണ്ടു മുന്നണിയും പ്രചാരണത്തില്‍ മുന്നോട്ടു പോകുമ്പോള്‍ ബി.ഡി.ജെ.എസിനെ കാത്തിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ബി.ഡി.ജെ.എസുമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആവർത്തിച്ചു. കണ്‍വെന്‍ഷന്‍ കഴിഞ്ഞാല്‍ കേന്ദ്രമന്ത്രിമാരെയും കേന്ദ്ര നേതാക്കളെയും പ്രചാരണത്തിന് ഇറക്കി ബി.ഡി.ജെ.എസ് വെല്ലുവിളി മറികടക്കാനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ. ആറിന് പത്രിക സമര്‍പ്പണവും കണ്‍വെന്‍ഷനും നടത്താനാണ് തീരുമാനം. കണ്‍വെന്‍ഷനിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ബി.ഡി.ജെ.എസിെൻറ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ഡി.ജെ.എസ് ഉള്‍പ്പെടെ ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ ന്യായമാണ്. കേന്ദ്രനേതൃത്വം അതില്‍ ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.