മൂവാറ്റുപുഴ: ലാൻഡ് ബോർഡ് ഉത്തരവുണ്ടായിട്ടും സർക്കാർ ഭൂമി അന്യരുടെ കൈവശത്തിൽനിന്ന് ഏറ്റെടുക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവ്. കണയന്നൂർ തഹസിൽദാർ വൃന്ദദേവി, കൊച്ചി വൈറ്റില കൂടമ്പിള്ളിയിൽ ഇേഷ്യസ്, മേരി ഗോസ്മി, മേരി ഇന്നസെൻറ്, ചേർത്തല കാരുവള്ളിൽ ഫാ.സേവ്യർ ജെ.കാരുവള്ളിൽ, ചെറി ബാബു, ജേക്കബ് ജോൺ, കെ.എസ്.ഐ.ഡി.സി ഡയറക്ടർ ഇ.എസ്. ജോസ് എന്നിവർക്കെതിരെയാണ് അന്വേഷണ ഉത്തരവ്. എറണാകുളം വി.എ.സി.ബി ഡിവൈ.എസ്.പി അന്വേഷിച്ച് അടുത്തമാസം 11നകം റിപ്പോർട്ട് സമർപ്പിക്കണം. ഇടപ്പള്ളി പാടിവട്ടം കൊടുപറമ്പിൽ കിഷോറാണ് കേസിലെ ഹരജിക്കാരൻ. 1981ൽ കണയന്നൂർ താലൂക്ക് ലാൻഡ് ബോർഡ് കേസിലെ രണ്ടാം പ്രതി ഇന്നസെൻറ് എന്ന ഇഷ്യേസിനോട് അന്യായമായി കൈവശം െവച്ച പൂണിത്തുറ വില്ലേജിലെ 1.52 ഏക്കർ ഭൂമി സർക്കാർ ഭൂമിയായതിനാൽ വിട്ടുനൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇദ്ദേഹം മാതാവ് മേരി ഗോസ്മിക്ക് ദാനമായി ഈ ഭൂമി നൽകി. ഇതു ലാൻഡ് ബോർഡ് അംഗീകരിച്ചിട്ടില്ല. മേരി ഗോസ്മി ഈ ഭൂമി ഫാ.സേവ്യറിന് വിറ്റു. കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഫാ.സേവ്യർ ഹൈകോടതിയിൽ വിൽപനയുടെ സാധുത പറഞ്ഞ് കേസ് നൽകുകയും ലാൻഡ്ബോർഡ് തീരുമാനം റദ്ദുചെയ്യുകയും പുതിയ തീരുമാനം എടുക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ലാൻഡ് ബോർഡ് രണ്ടും അഞ്ചും എതിർകക്ഷികൾക്ക് അനുകൂല തീരുമാനമെടുക്കുകയും 49.250 സെൻറ് സ്ഥലം മാത്രം സർക്കാറിലേക്ക് നൽകിയാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. താലൂക്ക് ലാൻഡ് ബോർഡ് എടുത്ത തീരുമാനത്തെ സംസ്ഥാന ലാൻഡ് ബോർഡ് ഹൈകോടതി ഡിവിഷൻ െബഞ്ച് മുമ്പാകെ ചോദ്യം ചെയ്തു. തുടർന്നു ലാൻഡ് ബോർഡിെൻറ തീരുമാനം റദ്ദുചെയ്ത ഹൈകോടതി 1.52 ഏക്കർ ഭൂമിയും സർക്കാറിന് വിട്ടു നൽകാൻ ഉത്തരവായി. ഇതേതുടർന്ന് എതിർകക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു. 2017 മേയ് 19ന് താലൂക്ക് ലാൻഡ് ബോർഡ് ഭൂമി ഏറ്റെടുക്കാൻ കണയന്നൂർ തഹസിൽദാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതുവരെ ഭൂമി ഏറ്റെടുത്തിട്ടില്ല. ഇതേ തുടർന്നാണ് വിജിലൻസ് കോടതിയിൽ ഹരജി ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.