ജനകീയ സംസ്​കാരങ്ങൾ തിരിച്ചുപിടിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരം വേണം ^ടീസ്​റ്റ

ജനകീയ സംസ്കാരങ്ങൾ തിരിച്ചുപിടിക്കാൻ രണ്ടാം സ്വാതന്ത്ര്യസമരം വേണം -ടീസ്റ്റ കാലടി: വീണ്ടും സ്വാതന്ത്ര്യസമരം നടത്തേണ്ട സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നെതന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാള വിഭാഗത്തിൽ ഡോ. സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഭക്തിപ്രസ്ഥാനവും ജ്യോതിബാഫൂലെ, ശ്രീ നാരായണഗുരു എന്നിവരെപ്പോലുള്ള സാമൂഹിക പരിഷ്കർത്താക്കളുടെ പ്രവർത്തനങ്ങളും ഇന്ത്യയിൽ സൃഷ്ടിച്ച ബദൽ പാരമ്പര്യങ്ങളുണ്ട്. ആ മൂല്യങ്ങളാണ്, അല്ലാതെ വൈദേശിക മൂല്യങ്ങളല്ല ഇന്ത്യൻ ഭരണഘടനക്ക് ആധാരമായത്. എന്നാൽ, ഇന്ന് ആ പാരമ്പര്യങ്ങൾ മുഴുവൻ അട്ടിമറിക്കപ്പെടുകയാണ്. ഇത്തരം വ്യക്തികളെയും ആശയങ്ങളെയും പാഠപുസ്തകങ്ങളിൽനിന്ന് വ്യാപകമായി ഒഴിവാക്കുന്നു. ചോദ്യങ്ങൾ ചോദിക്കുക എന്നത് നമ്മുടെ സംസ്കാരത്തി​െൻറ രീതിയായിരുന്നു. ഇത്തരം സിലബസുകൾ വഴി ചോദ്യം ചെയ്യാനുള്ള കഴിവ് യുവാക്കളിൽനിന്ന് ചോർത്തിക്കളയുകയാണ്. അനീതിയെ ചോദ്യം ചെയ്യുന്ന സംസ്കാരം തിരിച്ചുപിടിക്കാൻ കഴിഞ്ഞാലേ ഇന്ത്യയിൽ ജനാധിപത്യത്തിന് ഭാവിയുള്ളൂ. ദേശീയമായ ഒറ്റ ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ബഹുസ്വരതയെ നിഷേധിക്കുന്ന സമീപനമാണ് അതിലുള്ളത്. പ്രാദേശിക ചരിത്രങ്ങൾ കൃത്യമായി രൂപപ്പെടുത്തിക്കൊണ്ടേ ഈ പ്രവണത മറികടക്കാൻ കഴിയൂ. സ്വാതന്ത്ര്യസമരകാലത്ത് അടിത്തട്ടിലുള്ള സാമൂഹികപരിഷ്കരണ ശ്രമങ്ങളാണ് നടന്നത്. ആ മൂല്യങ്ങൾ തമസ്കരിക്കപ്പെടുകയാണ്. വിദ്യാഭ്യാസം ഭൂരിപക്ഷ വർഗീയതയുടെ വരുതിയിലാവുന്നു. ഈ സാഹചര്യത്തിലാണ് നമ്മുടെ ജനകീയ സംസ്കാരങ്ങളെയും സ്വാതന്ത്ര്യത്തെയും തിരിച്ചുപിടിക്കാനുള്ള സമരം അനിവാര്യമാകുന്നതെന്ന് അവർ പറഞ്ഞു. വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. േപ്രാ വി.സി ഡോ. കെ.എസ്. രവികുമാർ, മലയാള വകുപ്പ് മേധാവി ഡോ. വത്സലൻ വാതുശ്ശേരി, ഡോ. എസ്. പ്രിയ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.