വാഹന പരിശോധനയെച്ചൊല്ലി തർക്കം രൂക്ഷം; കലക്ടർക്ക് പരാതി

കാക്കനാട്: വാഹന പരിശോധനയെച്ചൊല്ലി ഉദ്യോഗസ്ഥരും ടിപ്പര്‍-ടോറസ് ലോറി ഉടമകളുടെ അസോസിയേഷനും തമ്മില്‍ പോര് രൂക്ഷം. അമിതഭാരം കയറ്റുന്ന ടോറസുകള്‍ക്കെതിരെ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിച്ചതാണ് ഉടമകളെ പ്രകോപിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. അമിതഭാരം കയറ്റി ടിപ്പര്‍ ലോറികള്‍ സർവിസ് നടത്തുന്നതുമൂലം റോഡുകള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ച് അപകടം വർധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന കര്‍ശനമാക്കിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. കഴിഞ്ഞ ദിവസം ആലുവ അമ്പാട്ടുകാവ് ഭാഗത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അസോസിയേഷന്‍ ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതായി കാട്ടി ഉദ്യോഗസ്ഥർ കലക്ടർക്കും കത്ത് നൽകി. കസ്റ്റഡിയിലെടുത്ത ടോറസി​െൻറ കാറ്റ് കുത്തിക്കളഞ്ഞ് വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നായിരുന്നു പരാതി. എന്നാല്‍, വാഹനം കസ്റ്റഡിയിലെടുക്കുകയോ നാശനഷ്ടം വരുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ പറയുന്നത്. വാഹന പരിശോധനയില്‍ ഡ്രൈവറോട് ലൈസന്‍സ് കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പകർപ്പാണ് കാണിച്ചത്. ലൈസന്‍സ് ആവശ്യപ്പെട്ടപ്പോള്‍ എടുത്തുകൊണ്ട് വരാമെന്ന് പറഞ്ഞ് ഡ്രൈവര്‍ പോയി. വാഹന പരിശോധന കഴിഞ്ഞ് രാത്രി തിരിച്ചുപോകുമ്പോള്‍ ടോറസ് റോഡരികില്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ കടന്നുകളഞ്ഞു. പിന്നീടാണ് ടിപ്പര്‍-ടോറസ് ഓണേഴ്‌സ് അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത വാഹനം നശിപ്പിച്ചെന്ന് പരാതി നൽകിയത്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ള പരാതി നല്‍കി നടപടി തടസ്സപ്പെടുത്താനാണ് ഉടമകളുടെ അസോസിയേഷന്‍ ശ്രമിക്കുന്നത്. ആര്‍.ടി.എ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യാഗസ്ഥര്‍ കത്ത് നല്‍കിയത്. 24 മണിക്കൂര്‍ പരിശോധനയില്‍ 29 ടിപ്പർ ഉള്‍പ്പെടെ 275 വാഹനങ്ങള്‍ പിടികൂടി. അമിതഭാരം കയറ്റിയതിന് പിടിയിലായ ടിപ്പര്‍ ഡ്രൈവര്‍മാരുടെ ലൈസൻസ് റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കാൻ നോട്ടീസ് നല്‍കി. ടിപ്പറുകളില്‍ മരണപ്പാച്ചില്‍ നടത്തിയതിനും ഓട്ടത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും ആറ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്യാന്‍ ശിപാര്‍ശ ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.