കൊല്ലപ്പെട്ട യുവാവ്​ പ്രതിയായ വിവാദ വാഹനാപകട കേസ്​ അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊച്ചി: കൊല്ലപ്പെട്ട യുവാവിനെതിരെ കേസെടുത്ത സംഭവത്തിനിടയാക്കിയ അപകടം സംബന്ധിച്ച അന്വേഷണം ഹൈകോടതി ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാളച്ചാലില്‍ 2017 ഡിസംബര്‍ 31ന് മണൽ കയറ്റിയ ടിപ്പർ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ തോമസ് എം. കാപ്പന്‍ എന്ന യുവാവ് മരിച്ച സംഭവത്തിലെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്. സത്യസന്ധമായല്ല പൊലീസ് അന്വേഷണം നടത്തിയതെന്നും സുപ്രധാന രേഖകളെല്ലാം വ്യാജമായി ഉണ്ടാക്കുകയോ തിരുത്തുകയോ ചെയ്തതായും നിരീക്ഷിച്ചാണ് ഉത്തരവ്. തോമസ് എം. കാപ്പനെ പ്രതിയാക്കി കേസെടുത്തതിനെതിരെ പിതാവ് കാഞ്ഞങ്ങാട് സ്വദേശി മാനുവല്‍ തോമസ് കാപ്പനാണ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.െഎ കെ.പി. മനേഷിനെ വിളിച്ചുവരുത്തി കോടതി വിമർശിച്ചിരുന്നു. ഹരജിക്കാരുടെ വാദങ്ങളെല്ലാം സത്യമാണെന്നാണ് കേസ് ഡയറി വായിച്ചപ്പോള്‍ മനസ്സിലായതെന്ന് കോടതി ഉത്തരവിൽ പറയുന്നു. നിയമപരമായി ചെയ്യേണ്ട പല കാര്യങ്ങളും പൊലീസ് ചെയ്തില്ല. നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒട്ടും സത്യസന്ധമല്ലാതെയാണ് അന്വേഷണം നടത്തിയത്. കോടതിയില്‍ കാണിക്കാനായി മാത്രം പ്രത്യേക കേസ് ഡയറി പോലും തയാറാക്കി. ഇതിന് സമാന്തരമായി മൊഴികളും രേഖപ്പെടുത്തി. ഇൗ നടപടികളെല്ലാം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവിൽ എസ്‌. ഐയെ വീണ്ടും വിമർശിച്ചു. അന്വേഷണം അട്ടിമറിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ച് വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.