പിന്നാക്ക സംവരണം അട്ടിമറിക്കുന്നത് സാമൂഹിക നീതിക്കെതിര് -കുഞ്ഞാലിക്കുട്ടി കൊച്ചി: പിന്നാക്ക വിഭാഗക്കാരുടെ സംവരണം അട്ടിമറിക്കുന്നത് സാമൂഹിക നീതിക്ക് എതിരാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. സാമൂഹിക നീതി ഉറപ്പ് വരുത്താനുള്ള പ്രധാന മാര്‍ഗമായ സംവരണം സംരക്ഷിക്കാന്‍ യോജിച്ച മുന്നേറ്റം അനിവാര്യമാണ്. കെ.പി.എം.എസ് എറണാകുളം ജില്ല സമ്മേളനത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സാമ്പത്തിക സംവരണവും സാമൂഹിക നീതിയും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണത്തിനൊരു ചരിത്രമുണ്ട്. നിയമപരമായ പദവിയുമുണ്ട്. സംവരണം പരിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക നീതി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം. സംവരണം പാതിവഴിയിൽ ഉപേക്ഷിച്ചാൽ ലക്ഷ്യം കൈവരിക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല പിന്നാക്ക വിഭാഗങ്ങൾ കൂടുതൽ പിന്നാക്കാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അര്‍ഹതപ്പെട്ടവര്‍ക്ക് പൂര്‍ണമായും കിട്ടിയിട്ടില്ലെന്നിരിക്കെ സംവരണം അട്ടിമറിക്കാനുള്ള നീക്കം വീണ്ടും ജാതീയപരമായ വേര്‍തിരിവ് സൃഷ്ടിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സമുദ്ധരിച്ചു കൊണ്ടുവരാനുള്ള നടപടികളും ഉണ്ടാകണം. അതേസമയം, സാമ്പത്തിക സംവരണത്തിനുള്ള നീക്കം സാമൂഹിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, ജില്ല സെക്രട്ടറി കെ.എം. സുരേഷ്, ലത്തീൻ കത്തോലിക്ക സഭ ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ്, ടി.കെ. മണി, അഡ്വ വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ സുധേഷ് എം. രഘു മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.