മൂവാറ്റുപുഴ: നിർധനർക്ക് വീട് നൽകാനും പ്രകൃതിസംരക്ഷണത്തിനും നഗരസൗന്ദര്യവത്കരണത്തിനും മുന്‍ഗണന നൽകി മൂവാറ്റുപുഴ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. മൂവാറ്റുപുഴയാറും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാൻ പദ്ധതികളുള്ള 33.42 കോടി രൂപ വരവും 32.76 കോടി ചെലവും 65.66 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ് അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയാണ് ഗ്രീന്‍ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ലൈഫ്, പി.എം.എ.വൈ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി 110 വീട് നിര്‍മിക്കാൻ ഒന്നരക്കോടി രൂപ ബജറ്റില്‍ വകയിരുത്തി. സ്ത്രീസൗഹൃദ നഗരസഭയുടെ ഭാഗമായി ഷീ ലോഡ്ജ് സ്ഥാപിക്കുന്നുണ്ട്. നഗരസഭ വരുമാനം വർധിപ്പിക്കാൻ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ ടൗണ്‍ ഹാളും ആശ്രമം ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് മാളും ലതാ പാലത്തിന് സമീപം ബഹുനില വാണിജ്യ മന്ദിരവും നിര്‍മിക്കും. കാവുങ്കരയിലെ പൂട്ടിക്കിടക്കുന്ന അറവുശാല കമ്യൂണിറ്റി ഹാളാക്കി മാറ്റും. മുനിസിപ്പല്‍ സ്റ്റേഡിയം നിർമാണം പൂര്‍ത്തിയാക്കും. കെ.എം. ജോര്‍ജ് ടൗണ്‍ ഹാൾ നവീകരിക്കാൻ വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കും. എം.എല്‍.എ, ടൂറിസം ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി മുനിസിപ്പല്‍ ലൈബ്രറിയും സാംസ്‌കാരിക നിലയവും പണിയും. വയോമിത്രം പദ്ധതിയുടെ പ്രയോജനം മുഴുവൻ വയോജനങ്ങൾക്കും ലഭ്യമാക്കാൻ തുക വകയിരുത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് ഓപറേഷന്‍ തിയറ്റര്‍ നിർമിക്കും. നഗരസഭ ശ്മശാനത്തില്‍ ഒരു വാതക ചേംബര്‍കൂടി സ്ഥാപിക്കും. മൂവാറ്റുപുഴ നഗരസൗന്ദര്യത്തിെൻറ ഭാഗമായി പരസ്യ ബോര്‍ഡുകള്‍ നീക്കി നടപ്പാതകള്‍ നവീകരിക്കും. നഗരസഭ റോഡുകളിലെ വളവുകളില്‍ കണ്ണാടി സ്ഥാപിക്കാനും മാലിന്യ നിർമാർജനത്തിനും സംസ്‌കരണത്തിനും തുക വകയിരുത്തി. നഗരസഭയിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 2.24 കോടി രൂപയും ഉൾക്കൊള്ളിച്ചു. ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യക്തികള്‍ക്ക് ബയോഗ്യാസ് പ്ലാൻറ്, ബയോബിന്‍, സ്‌കൂളുകളില്‍ ബയോഗ്യാസ് പ്ലാൻറ്, ഡംപിങ് യാര്‍ഡ് നവീകരണം എന്നിവക്കും തുക വകയിരുത്തി. യോഗത്തില്‍ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.