കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ ആദ്യ സി.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) ബസ് സർവിസിന് വ്യാഴാഴ്ച കൊച്ചിയിൽ തുടക്കമാകും. വൈറ്റില-വൈറ്റില സർക്കുലർ സർവിസാണ് പരിഗണനയിലുള്ളത്. ഇടപ്പള്ളി, കലൂർ, മേനക, കടവന്ത്ര വഴി കൊച്ചി മെട്രോ സ്റ്റേഷനുകൾ ബന്ധിച്ചാകും സർവിസ് നടത്തുക. സർവിസ് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 25 ലക്ഷം ചെലവിട്ടാണ് സി.എൻ.ജി ബസ് വാങ്ങിയത്. തിരുവനന്തപുരം സെൻട്രൽ വർക് ഷോപ്പിലായിരുന്ന ബസ് കഴിഞ്ഞയാഴ്ചയാണ് ആലുവയിലെത്തിച്ചത്. തിരുവനന്തപുരത്ത് സർവിസ് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വാതകം നിറക്കാൻ സൗകര്യമില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിച്ചു. കൊച്ചിയിൽ ഇന്ത്യൻ ഓയിൽ കോർപറേഷനാണ് ബസിനാവശ്യമായ വാതകം നൽകുക. ആലുവ റീജനൽ വർക് ഷോപ്പിലും തേവര ഹബ്ബിലും കോർപറേഷൻ വക ഫില്ലിങ് സ്റ്റേഷനുകളുണ്ട്. ഇവക്കുപുറമെ ഐ.ഒ.സിയുടെ നാല് ഫില്ലിങ് യൂനിറ്റുകൾ കൂടി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. ലോ കാർബൺ പ്രോജക്ടിെൻറ ഭാഗമായി കൊച്ചിയിൽ അഞ്ഞൂറോളം വൈദ്യുതി, സി.എൻ.ജി ബസുകൾ സർവിസിന് ഉപയോഗിക്കാനാണ് കെ.എസ്.ആർ.ടി.സിക്ക് കീഴിലെ കേരള അർബൻ റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ തീരുമാനം. നഗര ഗതാഗതം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി 44ഓളം മെട്രോ ഫീഡർ സർവിസുകളും പരിഗണനയിലുണ്ട്. കളമശ്ശേരി എസ്.സി.എം.എസ് ബിസിനസ് സ്കൂൾ കാമ്പസിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എ.കെ ശശീന്ദ്രൻ, കെ.വി. തോമസ് എം.പി. അൻവർ സാദത്ത് എം.എൽ.എ, ഐ.ഒ.സി ജനറല്‍ മാനേജര്‍ പി.എസ്. മോനി, ചൂർണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.