ആലപ്പുഴ: എക്സൈസ് സ്പെഷൽ സ്ക്വാഡ് ചേർത്തല, തുറവൂർ, തണ്ണീർമുക്കം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എട്ടുപേർ പിടിയിലായി. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ട് ഹയർ സെക്കൻഡറി വിദ്യാർഥികളും ഉൾപ്പെടുന്നു. ഇവരിൽനിന്ന് അരക്കിലോ കഞ്ചാവ് കണ്ടെടുത്തു. വിദ്യാർഥികളെ കൂടാതെ വൈക്കം കുടവെച്ചൂർ പനംതറ വീട്ടിൽ ഹരിശങ്കർ (21), കരിയിൽ വീട്ടിൽ സുജിത്ത് (21), മുട്ടേൽ വീട്ടിൽ ജിൻസ് (21), തുറവൂർ വേലൻ വാണിചിറ വീട്ടിൽ അക്ഷയ്ദേവ് (21), വളമംഗലം തെക്ക് ചെറുകണ്ണംതുരുത്തിൽ വീട്ടിൽ ബിജിത്ത് (22), സഹോദരൻ അജിത്ത് (22) എന്നിവരാണ് പിടിയിലായത്. ചേർത്തല വളമംഗലം, തണ്ണീർമുക്കം എന്നിവിടങ്ങളിൽ അസമയത്ത് യുവാക്കൾ കൂട്ടമായി ഇരിക്കുന്നതായി സമീപവാസികളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ അസിസ്റ്റൻറ് എക്സൈസ് കമീഷണറുടെ നിർദേശ പ്രകാരമാണ് െറയ്ഡ് നടത്തിയത്. പിടികൂടിയ യുവാക്കളിൽ കുമരകത്ത് ഹൗസ് ബോട്ടിൽ ജോലിചെയ്യുന്ന ഹരിശങ്കർ ബംഗളൂരുവിൽനിന്നാണ് കഞ്ചാവ് എത്തിച്ചത്. കഞ്ചാവ് ചെറിയ പൊതികളിലാക്കിയാണ് വിൽപന നടത്തിയിരുന്നത്. ഹരിശങ്കറിെൻറ കൂടെ ചേർത്തലയിൽ പഠിച്ചിരുന്നവരും സുഹൃത്തുക്കളുമാണ് പിടിയിലായ മറ്റുള്ളവർ. ഇവർ ഹരിശങ്കറിൽനിന്ന് കഞ്ചാവ് വാങ്ങി കൈവശംെവച്ചവരും കഞ്ചാവ് ഉപയോഗിക്കുന്നതിനിെട പിടിയിലായവരുമാണ്. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ എൻ. ബാബു, ജി. ഫെമിൻ, എം.കെ. സജിമോൻ, കുഞ്ഞുമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ, അനിൽകുമാർ, ബിപിൻ, ഡ്രൈവർ വിപിനചന്ദ്രൻ എന്നിവരാണ് റെയ്ഡ് നടത്തിയത്. ലൈഫ് മിഷൻ; ജില്ലയിൽ 832 വീട് പൂർത്തിയായി ആലപ്പുഴ: ജില്ലയിൽ ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിട്ടുള്ള വീടുകളിൽ 832 വീടുകളുടെ നിർമാണം പൂർത്തിയായി. ജില്ലയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും മുൻകാലങ്ങളിൽ ഭവനനിർമാണത്തിന് ആനുകൂല്യം നൽകി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടന്ന 3200 വീടാണ് ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തിട്ടുള്ളത്. മുഴുവൻ വീടുകളുടെയും നിർമാണം ഇൗ മാസം 31നകം പൂർത്തിയാക്കാനുള്ള തീവ്രശ്രമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിവരുന്നു. വീടുകൾ പൂർത്തിയാക്കാൻ മുൻകാലങ്ങളിൽ നൽകിയിരുന്ന സബ്സിഡി തുക നാലുലക്ഷം രൂപയായി ആനുപാതിക വർധന നൽകിയാണ് ലൈഫ് മിഷൻ ഈ വീടുകൾ ഏറ്റെടുത്തിരിക്കുന്നത്. സർക്കാർ ധനസഹായത്തിന് ഉപരിയായി സന്നദ്ധ പ്രവർത്തനങ്ങളിലൂടെയും സംഭാവനയിലൂടെയും ഒട്ടേറെ സംഘടനകളും വ്യക്തികളും ലൈഫ് സംരംഭം വിജയിപ്പിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ചില വീടുകൾ പൂർത്തിയാക്കണമെങ്കിൽ ഇനിയും ഇത്തരം സഹായം ആവശ്യമാണ്. ഓരോ പ്രദേശത്തും സ്വന്തമായി വീട് നിർമാണം പൂർത്തിയാക്കാനാവാത്ത ദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് ജില്ലതല മിഷൻ അധ്യക്ഷൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. രണ്ടാംഘട്ടത്തിൽ 2018-19 സാമ്പത്തിക വർഷം ജില്ലയിലെ ഭൂമിയുള്ള ഭവനരഹിതരായ 14,459 പേർക്ക് വീട് നൽകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭൂരഹിതരായവർക്ക് ഭവന സമുച്ചയങ്ങളാണ് നിർമിക്കുന്നത്. ഒന്നാംഘട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർ ടി.വി. അനുപമ അധ്യക്ഷയായ ജില്ലതല കർമസേന ഉൗർജിതമായി പ്രവർത്തിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.