ഭവനനിര്‍മാണ അവകാശം പുനഃസ്ഥാപിക്കണം -കെ.എൽ.സി.എ കൊച്ചി: തീരനിയന്ത്രണ വിജ്ഞാപനം സംബന്ധിച്ച് മാനേജ്മെൻറ് പ്ലാന്‍ തയാറാക്കുമ്പോള്‍ കായല്‍ ദ്വീപുകളെയും നഗരസ്വഭാവമുള്ള വികസിത പഞ്ചായത്തുകളെയും തീരനിയന്ത്രണ മേഖല മൂന്നില്‍നിന്ന് രണ്ടിലേക്ക് മാറ്റി തദ്ദേശവാസികളുടെ ഭവന നിര്‍മാണത്തിനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടാന്‍ കെ.എല്‍.സി.എ മധ്യമേഖലയിലെ രൂപതകളിലെ സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. മാനേജ്മെൻറ് പ്ലാന്‍ തിടുക്കത്തില്‍ നടപ്പാക്കാതെ നിലവില്‍ പരിഗണനയില്‍ ഉള്ള മറൈന്‍ തീരനിയന്ത്രണ നിയമം (എം.സി.ആര്‍. ഇസഡ്) മത്സ്യത്തൊഴിലാളികളുടെയും തദ്ദേശവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയില്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ അധികാരികള്‍ മുന്‍കൈയെടുക്കണം. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കടലോരപ്രദേശങ്ങള്‍ തീരനിയന്ത്രണ മേഖല മൂന്നില്‍തന്നെ നിലനിര്‍ത്തി തദ്ദേശവാസികള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള സാഹചര്യം ഒരുക്കണം. മാനേജ്മെൻറ് പ്ലാന്‍ തയാറാക്കുന്ന സമയം കരട് പ്ലാന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ വിധത്തില്‍ പ്രസിദ്ധീകരിക്കുകയും മേഖല തിരിക്കുമ്പോള്‍ കടൽത്തീരത്തെയും കായല്‍, മറ്റ് ജലാശയങ്ങള്‍ എന്നിവയെയും പ്രത്യേകം തരംതിരിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ മതിയായ സമയം നല്‍കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് വിഷയം അവതരിപ്പിച്ചു. കെ.ആര്‍.എല്‍.സി.സി വൈസ് പ്രസിഡൻറ് ഷാജി ജോര്‍ജ്, കൊച്ചി മുന്‍ മേയര്‍ കെ.ജെ. സോഹന്‍, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, എം.സി. ലോറന്‍സ്, രാജു ഈരശ്ശേരില്‍, വി.എ. പൈലി, ടി.എ. ഡാല്‍ഫിന്‍, ജയിംസ് ചിങ്ങുതറ, ലൂയിസ് തണ്ണിക്കോട്, ജസ്റ്റിന്‍ കരിപ്പാട്ട്, ജോര്‍ജ് ബാബു, ഹെൻറി ഓസ്റ്റിന്‍, കെ.കെ. ജോസഫ്, പി.പി. ജോസഫ്, ഇ.എ. ജോസഫ്, കെ.പി. ജോണ്‍, ടോമി കുരിശുവീട്ടില്‍, റോയി പാളയത്തില്‍, സോണി സോസ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.