അമ്പലപ്പുഴ: ചുഴലിക്കാറ്റെന്ന വാർത്ത പരക്കേണ്ട താമസം, കേരളത്തിലെത്തുന്ന ഇതര സംസ്ഥാനമത്സ്യങ്ങള്‍ക്ക് വില കുതിച്ചുയര്‍ന്നു. കഴിഞ്ഞദിവസം മുതലാണ് മത്സ്യങ്ങള്‍ക്ക് 25 ശതമാനത്തോളം വില ഉയര്‍ന്നത്. മത്തി ഒഴികെ മത്സ്യങ്ങള്‍ അധികവും ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് എത്തുന്നത്. കര്‍ണാടക തീരങ്ങളെയാണ് ആലപ്പുഴ ജില്ലയിലെ മത്സ്യവ്യാപാരികള്‍ ആശ്രയിക്കുന്നത്. മത്തി, അയല, ചൂര, കോര, മഞ്ഞവറ്റ മുതലായ മീനുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. അടുത്തദിവസം വരെ മത്സ്യമൊത്തവിൽപന മാര്‍ക്കറ്റുകളില്‍ 60 രൂപയായിരുന്ന മത്തി വില 80ൽ എത്തി. അയലയാകട്ടെ 110ല്‍നിന്ന് 125 രൂപയിലേക്ക് കയറി. കേരയുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ വന്നില്ലെങ്കിലും ചൂര 100നിന്ന് 120 വരെ ഉയര്‍ന്നു. മഞ്ഞവറ്റയാകട്ടെ സാധാരണക്കാർക്ക് അപ്രാപ്യമായി. കഴിഞ്ഞദിവസംവരെ 100 രൂപയായിരുന്ന മഞ്ഞവറ്റ 240ലേക്ക് കുതിച്ചുകയറി. കേരളം, തമിഴ്‌നാട് തീരദേശങ്ങളില്‍ ന്യൂനമർദം കണക്കിലെടുത്ത് കർണാടകയിലെ ഇടനിലക്കാര്‍ വില വർധിപ്പിച്ചതാണ് ഇവിടെയും മത്സ്യവില ഉയരാന്‍ കാരണമായത്. വില കുതിച്ചുയര്‍ന്നതോടെ ആവശ്യക്കാരും കുറഞ്ഞു. ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മത്സ്യവിപണി ഇതോടെ ആശങ്കയിലാണ്. ജില്ലയില്‍ മാത്രം നൂറിലധികം മത്സ്യമൊത്തവിൽപന മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് ഇന്‍സുലേറ്റഡ് വാഹനങ്ങളാണ് മത്സ്യവുമായി എത്തുന്നത്. പുലര്‍ച്ച ഉണരുന്ന മാര്‍ക്കറ്റുകളെ ആശ്രയിച്ച് ആയിരക്കണക്കിന് തൊഴിലാളികളാണ് ജോലിചെയ്യുന്നത്. കൂടാതെ ഇവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അസംഖ്യം ചെറുകിട കച്ചവടക്കാര്‍ വേറെയുമുണ്ട്. എന്നാല്‍, മത്സ്യവില ഉയര്‍ന്നതോടെ ജില്ലയിലെ പലമാര്‍ക്കറ്റുകളും കഴിഞ്ഞ ഏതാനും ദിവസമായി പ്രവര്‍ത്തിക്കാറില്ല. പ്രതീക്ഷകളോടെ പുലര്‍ച്ച എത്തുന്ന തൊഴിലാളികള്‍ വെറുകൈയോടെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ്. അവരോടൊപ്പം കണ്ണീരില്‍ കുതിര്‍ന്ന് തൊഴിലാളി കുടുംബങ്ങളും ചേർന്ന് തീരമേഖലയാകെ അരക്ഷിതാവസ്ഥയിലാണ്. നാടൻ മത്സ്യത്തിന് വൻ ഡിമാൻഡ് അമ്പലപ്പുഴ: ന്യൂനമര്‍ദം കണക്കിലെടുത്ത് കടലിലെ മത്സ്യബന്ധനം കര്‍ശനമായി നിരോധിച്ചതോടെ നാടന്‍ മത്സ്യങ്ങള്‍ക്ക് ആവശ്യക്കാരേറി. മത്തി തിളച്ചിരുന്ന അടുപ്പുകളില്‍ നാടന്‍ മത്സ്യങ്ങള്‍ കയറണമെങ്കില്‍ വിലപേശേണ്ടിവരും. ചെമ്പല്ലി, കാരി, വരാല്‍, തിലോപ്പിയ തുടങ്ങിയ നാടൻമത്സ്യങ്ങള്‍ക്കാണ് പ്രിയമേറെ. കുട്ടനാടന്‍ കരിമീന്‍ രുചിയില്‍ കേമനാണെന്ന പ്രചാരണമുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് അടുക്കാനാകില്ല. രണ്ടുദിവസമായി കടല്മീനിെൻറ വരവ് കുറഞ്ഞതോടെ നാടന്‍ മത്സ്യങ്ങളാണ് പല വീടുകളിലും ഉപയോഗിക്കുന്നത്. ചെമ്പല്ലി കഴിഞ്ഞദിവസംവരെ കിലോക്ക് 150 ആയിരുന്നത് 200ലേക്ക് കടന്നു. കാരിയുടെ വില 300ല്‍നിന്ന് 325 ഉം വരാലിന് 350ല്‍നിന്ന് 400ലേക്കും എത്തി. കരിമീനിെൻറ രൂപത്തില്‍ ലഭിക്കുന്ന വളര്‍ത്തുമീനായ തിലോപ്പിയക്കും വില കൂടി. ഇതിന് ആവശ്യക്കാര്‍ അധികം ഇല്ലെങ്കിലും കിലോക്ക് 10 രൂപ വർധിപ്പിച്ച് 160 കടന്നു. നാടന്‍ മീനിെൻറ വലുപ്പമനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ട്. ജില്ലയില്‍ നാടന്‍ മത്സ്യങ്ങളുടെ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് അരൂര്‍, തണ്ണീര്‍മുക്കം, മുഹമ്മ, ആലപ്പുഴ, തോട്ടപ്പള്ളി തുടങ്ങിയിടങ്ങളിലാണ്. നിലവില്‍ നാടൻ മത്സ്യങ്ങള്‍ക്ക് മാര്‍ക്കറ്റുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചെറിയ ഏറ്റക്കുറച്ചിലുകള്‍ സാധാരണയാണ്. എന്നാല്‍, കഴിഞ്ഞദിവസങ്ങളില്‍ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ആശങ്കയോടെ തീരവാസികള്‍ അമ്പലപ്പുഴ: ന്യൂനമർദത്തെത്തുടര്‍ന്ന് ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം നടത്തരുതെന്ന കര്‍ശന നിർദേശത്തോടെ, അന്നന്നുള്ള വരുമാനത്തില്‍ കഷ്ടിച്ചുകഴിയുന്ന കുടുംബങ്ങള്‍ പലതും പട്ടിണിയിലായി. മൂന്നുദിവസമായി തൊഴിലെടുക്കാനാകാതെ വരുമാനം നിലച്ചു. രണ്ടുമാസമായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന ചെമ്മീന്‍ പീലിങ് മേഖല അടച്ചിടേണ്ടിവന്നു. അമ്പലപ്പുഴ താലൂക്കില്‍ മാത്രം ആയിരത്തിലേറെ ചെമ്മീന്‍ പീലിങ് ഷെഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരിടത്തുമാത്രം 30-50 തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. പുരുഷന്മാര്‍ക്ക് തൊഴില്‍ ഇല്ലെങ്കിലും പട്ടിണിയില്ലാതെ തീരമേഖല കഴിഞ്ഞുപോരുന്നത് പീലിങ് മേഖലയില്‍നിന്നുള്ള സ്ത്രീകളുടെ വരുമാനത്താലാണ്. രണ്ടുദിവസമായി പീലിങ് മേഖലയും പ്രതിസന്ധിയിലായതോടെ പല കുടുംബങ്ങളും പട്ടിണിയിലായി. മത്സ്യഅനുബന്ധ മേഖല ഉപജീവനമാക്കിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അടിയന്തരസഹായം നല്‍കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.