പിഴലക്കാർ ചോദിക്കുന്നു; ഞങ്ങളുടെ പാലം വലിച്ചതാരാണ്​?

കൊച്ചി: വീട്ടിൽനിന്ന് ഇറങ്ങിയവർ തിരിച്ചെത്തുംവരെ ഉള്ളിൽ തീകത്തുന്ന ആധിയാണ്. പിഴല ദ്വീപിലെ ജീവനുകൾ തുരുമ്പിച്ച ചങ്ങാടത്തിലാണ് ഇവിെട മറുകര താണ്ടുന്നത്. ഇവരെ കാത്ത് വഴിക്കണ്ണുമായി നിൽക്കുകയാണ് ഇവിടെ കുടുംബിനികൾ. ഒരുഅസുഖം വന്നാൽ കൃത്യസമയത്ത് ചികിത്സ കിട്ടാൻ ഇവർ ഇനി എന്താണ് ചെയ്യേണ്ടത്. ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് മരിച്ചുപോയവരുടെ എണ്ണം ഇവിടെ എത്രയാണ്. നഗരത്തിൽനിന്ന് ഏറെ അകലെയല്ലാത്ത കടമക്കുടി പഞ്ചായത്തിലെ പിഴല ദ്വീപുവാസികൾ വർഷങ്ങളായി ചോദിക്കുന്ന ചോദ്യമാണത്, ഞങ്ങളുടെ ജീവന് ഒരുവിലയുമില്ലേ? പിഴല ദ്വീപിലെ എഴുനൂറോളം കുടുംബങ്ങൾക്ക് പുറംലോകത്തേക്കുള്ള ഏക യാത്രമാർഗം പഴകി പഞ്ചറായ ചങ്ങാടമാണ്. ഏറെ നാളത്തെ മുറവിളിക്കും സമരത്തിനും ഒടുവിൽ പിഴല-മൂലമ്പിള്ളി പാലം പണി ആരംഭിച്ചപ്പോൾ ഇവർ ഒരുപാട് ആശ്വസിച്ചു. 600 ദിവസംകൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, പണി പാതിവഴിയിലായിട്ട് വർഷങ്ങളായി. 2013 ഡിസംബർ 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് നിർമാണോദ്ഘാടനം നടത്തിയത്. ജോലിക്കിടെ പാലത്തി​െൻറ ഗർഡറുകൾ പുഴയിൽ പതിച്ചിട്ട് മാർച്ച് 18ന് ഒരുവർഷം തികയുന്നു. കെങ്കേമമായി നടത്തിയ നിർമാണോദ്ഘാടന ചടങ്ങുകൾക്കുശേഷം മന്ത്രിമാരോ ജനപ്രതിനിധികളോ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രതിവർഷം ശരാശരി 36 ലക്ഷത്തോളം രൂപയാണ് ചങ്ങാടയാത്രക്ക് ദ്വീപുവാസികൾ ചെലവഴിക്കുന്നത്. യഥാസമയം ചികിത്സ കിട്ടാതെയുള്ള മരണം ഇവിടെ തുടർക്കഥയാണ്. അടുത്തിടെ ഗുരുതര പൊള്ളലേറ്റ സ്ത്രീയെ ആംബുലൻസിലേക്കെത്തിക്കാൻ 25 മിനിറ്റോളമെടുത്തു. ഒടുവിൽ ആശുപത്രിയിലെത്തിക്കുേമ്പാഴേക്കും മരിച്ചു. നേരേത്ത എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മറുകരയിലെത്തുംമുമ്പേ ചങ്ങാടത്തിലിരുന്ന് കുഞ്ഞിന് ജന്മം നൽകിയവരുമുണ്ട് ദ്വീപിൽ. പിഴല-മൂലമ്പിള്ളി, പിഴല-കോതാട് ഇങ്ങനെ രണ്ട് ചങ്ങാട സർവിസാണ് ഇവിടുള്ളത്. പിഴല-കോതാട് സർവിസ് നടത്തുന്ന ചങ്ങാടം നാശത്തി​െൻറ വക്കിലാണ്. രണ്ടുവഞ്ചി കൂട്ടിക്കെട്ടി മോട്ടോർ ഘടിപ്പിച്ചതാണ് ചങ്ങാടം. രാവിലെയും വൈകീട്ടും വിദ്യാർഥികളും വാഹനങ്ങളുമായി അപകടകരമായ രീതിയിലാണ് മിക്കപ്പോഴും സർവിസ്. 24 മണിക്കൂറും കടത്ത് സൗജന്യമാക്കുക, പാലം പണി ഉടൻ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കാത്തലിക് യൂത്ത് മൂവ്മ​െൻറി‍​െൻറ നേതൃത്വത്തിൽ കടമക്കുടി പഞ്ചായത്ത്, ജിഡ, കലക്ടറേറ്റ് തുടങ്ങിയിടങ്ങളിൽ നിരവധി തവണ പരാതിയുമായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജനങ്ങളുടെ ജീവന് വിലകൽപിക്കാത്ത അധികാരികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കെ.സി.വൈ.എം ഭാരവാഹികൾ പറഞ്ഞു. പി. ലിസി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.