എം.സി.പി.ഐ ഓഫിസ് പിടിച്ചടക്കാൻ ശ്രമിക്കുന്നു – സംസ്ഥാന കൺവീനർ

ആലുവ: മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ യുനൈറ്റഡിൽനിന്ന്(എം.സി.പി.ഐ (യു))പുറത്താക്കപ്പെട്ടവർ സി.പി.എം പിന്തുണയോടെ സംസ്ഥാന കമ്മിറ്റി ഓഫിസ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി എം.സി.പി.ഐ (യു) സംസ്ഥാന കൺവീനർ ടി.എസ്. നാരായണൻ മാസ്‌റ്റർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ദേശത്തെ ഓഫിസ് പിടിക്കാൻ ഇക്കൂട്ടർ സി.പി.എമ്മുമായി ചേർന്ന് നടത്തുന്ന നീക്കം നിയമപരമായും അല്ലാതെയും തടയുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതര അച്ചടക്കലംഘനത്തിന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ പോളിറ്റ് ബ്യൂറോ അംഗം എൻ. പരമേശ്വരൻ പോറ്റിയുടെ നേതൃത്വത്തിൽ അഞ്ച് മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് സി.പി.എമ്മിലേക്ക് ചേക്കേറാൻ ശ്രമം നടത്തുന്നത്. സി.പി.എം നേതാവ് എസ്. രാമചന്ദ്രൻപിള്ളയെ സ്വാധീനിച്ച് പൊലീസിനെ ഉപയോഗപ്പെടുത്തി പുറത്താക്കപ്പെട്ടവർക്ക് പാർട്ടി ഓഫിസി​െൻറ താക്കോൽ കൈവശം െവക്കാൻ അനുമതി നൽകിയിരിക്കുകയാണ്. എം.സി.പി.ഐ (യു) സംസ്ഥാന കമ്മിറ്റി വാങ്ങിയ ഓഫിസാണിത്. ആധാരത്തിലും മറ്റ് രേഖകളിലും ഇത് വ്യക്തമാണ്. പാർട്ടി പോളിറ്റ് ബ്യൂറോ കൊച്ചിയിൽ ചേർന്നാണ് പരമേശ്വരൻ പോറ്റി, കെ.ആർ. സദാനന്ദൻ, ഇ.കെ. മുരളി, ഡി.ആർ. പിഷാരടി, കെ.പി. ഗോവിന്ദൻ, വി.എസ്. രാജേന്ദ്രൻ എന്നിവരെ പുറത്താക്കിയത്. 12 അംഗ പോളിറ്റ് ബ്യൂറോയിൽ അവധിക്ക് അപേക്ഷിച്ച രണ്ടുപേർ ഒഴികെ പത്തുപേരും പങ്കെടുത്തിരുന്നു. ഫെബ്രുവരി എട്ടിന് ഇ.കെ. മുരളിയെ സംസ്ഥാന സെക്രട്ടറിയാക്കിയ നടപടിയും പി.ബി റദ്ദാക്കി. മുൻ സംസ്ഥാന സെക്രട്ടറി ടി.എസ്. നാരായണൻ മാസ്‌റ്റർ കൺവീനറായി 29 അംഗ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. പാർട്ടി ശക്തികേന്ദ്രമായ ആന്ധ്രപ്രദേശിൽ സി.പി.എമ്മിനൊപ്പം ഇടതുമുന്നണിയിലാണ് മത്സരിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള സി.പി.എം പി.ബി അംഗം രാഘവേലു മുഖേന കേന്ദ്ര നേതാക്കൾ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിവരങ്ങൾ ധരിപ്പിച്ചിരുന്നു. പൊലീസ് നീതിപൂർവമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയതാണ്. പിന്നീടാണ് എസ്.ആർ.പി മുഖേന പൊലീസ് പുറത്താക്കപ്പെട്ടവർക്ക് അനുകൂല നിലപാട് സ്വീകരിച്ചതെന്നും എം.സി.പി.ഐ(യു) നേതാക്കൾ കുറ്റപ്പെടുത്തി. കേന്ദ്ര കമ്മിറ്റി അംഗം വി.എസ്. മോഹൻലാൽ, ജില്ല സെക്രട്ടറി പി.പി. സാജു, സംസ്ഥാന കമ്മിറ്റി അംഗം എം. മീതിയൻപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.