കാഥികരോ... അതാ ആ കോടതി മുറിയിലേക്ക് നോക്കൂ

കൊച്ചി: കോടതിമുറിയിൽ ഹാർമോണിയവും തബലയുമൊക്കെയായി കത്തിക്കയറുന്ന കാഥികർ... അവരെയൊന്ന് കാണാൻ എണീറ്റ് നിൽക്കേണ്ടി വന്ന കാണികൾ. എം.ജി. കലോത്സവത്തി​െൻറ കഥാപ്രസംഗം മത്സരവേദിയിലായിരുന്നു രസകരമായ മുഹൂർത്തങ്ങൾ അരങ്ങേറിയത്. ഗവ. ലോ കോളജിലെ മൂട്ട് കോർട്ട് ഹാളിലായിരുന്നു കഥാപ്രസംഗ മത്സരം നടന്നത്. സ്റ്റേജില്ലാത്ത ഹാളിൽ തറയിലാണ് വിദ്യാർഥികൾ മത്സരിച്ചത്. കോടതി മുറിയുടെ മാതൃകയിലുള്ള ഹാളിൽ ഇരിക്കുന്ന എല്ലാവർക്കും മത്സരാർഥികളെ ശരിക്കു കാണാൻ സാധിക്കുന്നില്ലെന്ന് പരാതിയുയർന്നു. ആരാണ് മത്സരിക്കുന്നതെന്നറിയാതെയായിരുന്നു പലരും കഥാപ്രസംഗം ആസ്വദിച്ചത്. ഇതിനെതിരെ നിരവധി രക്ഷിതാക്കൾ പരാതിയുമായെത്തിയെങ്കിലും ഫലമുണ്ടായില്ല. സ്റ്റേജുപോലുമില്ലാത്ത വേദിയിൽ ആദ്യമായാണ് മത്സരിക്കുന്നതെന്ന് മിക്ക വിദ്യാർഥികളും അഭിപ്രായപ്പെട്ടു. പോരാത്തതിന് മൈക്കും ഇടക്കിടെ പണിമുടക്കി. കാഥികരുടെ ശബ്ദം പലപ്പോഴും പുറത്ത് കേൾക്കാതായി. സബ്്ജില്ല മത്സരങ്ങൾക്ക് പോലും ഇതിലും നല്ല വേദി ലഭിക്കുമെന്നായിരുന്നു ഒരു രക്ഷിതാവി​െൻറ അഭിപ്രായം. സർവകലാശാല കലോത്സവമാണെന്ന് സംഘാടകർ മറന്നുപോയെന്നും വിദ്യാർഥികളും രക്ഷിതാക്കളും പറഞ്ഞു. രാവിലെ ഒമ്പതിന് നിശ്ചയിച്ച മത്സരം തുടങ്ങിയത് ഉച്ചക്ക് 12.20 ഓടെയായിരുന്നു. വിധികർത്താക്കൾ വൈകിയെന്നായിരുന്നു സംഘാടകരുടെ മറുപടി. മത്സരിച്ച 23 പേരിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.