കലാമികവിന് നൂറുമാർക്ക്

കൊച്ചി: നൃത്തവും സംഗീതവും ഭാവസാന്ദ്രമാക്കിയ എം.ജി കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോൾ മത്സരാർഥികളുടെ പ്രകടനത്തെക്കുറിച്ച് വിധികർത്താക്കൾക്ക് നൂറുനാവ്. കലാമികവും വൈവിധ്യമാർന്ന അവതരണവുംകൊണ്ട് ഓരോ മത്സരാർഥിയും കാണികളെ കൈയിലെടുക്കുകയായിരുന്നു. ലളിതഗാന മത്സരത്തിൽ വർഷങ്ങൾ പഴക്കമുള്ള പാട്ടുകൾ വീണ്ടുമെത്തിയെങ്കിലും ആലാപനമികവ് അതെല്ലാം പരിഹരിക്കുകയായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. പ്രസംഗമത്സരവും ശ്രദ്ധേയമായി. വിഷയത്തിൽനിന്ന് വ്യതിചലിക്കാതെയുള്ള പ്രസംഗത്തിൽ 11 പേരാണ് എ ഗ്രേഡ് നേടിയത്. മോണോ ആക്ടിൽ മൂന്നുപേരും ആൺകുട്ടികളുടെ ഭരതനാട്യത്തിൽ അഞ്ചുപേരും പെൺകുട്ടികളുടെ ഭരതനാട്യത്തിൽ 34പേരും എ ഗ്രേഡ് നേടി. മറ്റു ശാസ്ത്രീയ നൃത്തരൂപങ്ങളുടെ മത്സരത്തിൽ 23 പേർക്ക് എ ഗ്രേഡുണ്ട്. കലാശേഷിയിലും അവതരണത്തിലും ആരും പിന്നിലല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രകടനങ്ങളെന്ന് വിധികർത്താവ് കലാമണ്ഡലം മായാദേവി അഭിപ്രായപ്പെട്ടു. അതേസമയം, സംഘാടനത്തിലെ പാളിച്ചകൾക്ക് മൂന്നാം ദിവസവും പരിഹാരമായില്ല. മത്സരങ്ങൾ പലതും വൈകി‍യത് വിദ്യാർഥികളെ ബാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.