കിഴക്കേപ്രം കൊറ്റംകുളത്തിൽ നീന്തൽ പരിശീലനത്തിന് വഴിതെളിയുന്നു

പറവൂർ: നഗരസഭ 16ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കൊറ്റംകുളം മാലിന്യത്തിൽനിന്ന് രക്ഷ നേടുന്നു. കുളം ശുചീകരിക്കാൻ പ്ലാൻ ഫണ്ടിൽനിന്ന് നഗരസഭ രണ്ടര ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടി പൂർത്തിയാകുന്നതോടെ ഈ മാസം അവസാനത്തോടെ ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാകും. ഏറെക്കാലമായുള്ള പ്രദേശവാസികളുടെ സ്വപ്നത്തിന് ഇതോടെ സാക്ഷാത്കാരമാകും. വിസ്തൃതിയും ശുദ്ധജലവുംകൊണ്ട് കുളം സമൃദ്ധമായിരുന്നു. നാട്ടുകാർ കുളിക്കാനും കുട്ടികളുടെ നീന്തൽപഠനകേന്ദ്രവുമായി ഉപയോഗിച്ചുപോന്നിരുന്നു. പിന്നീട് പ്രദേശത്തെയും വഴിയാത്രക്കാരുെടയും മാലിന്യം തള്ളുന്ന കേന്ദ്രമായി മാറി. കുളത്തി​െൻറ അരികിലെ കരയിൽ കന്നുകാലികളെ കെട്ടുമായിരുന്നു. ഇവയുടെ മൂത്രവും ചാണകവും ഒലിച്ചിറങ്ങിയതും ജലം കൂടുതൽ മലിനമാക്കി. കുളത്തിലും കരയിലും മാലിന്യവും കുപ്പിച്ചില്ലുകളുമാണ്. പായലും ചളിയും നിറഞ്ഞ് വെള്ളത്തിന് പച്ചനിറമായി. കുളത്തിന് അരികിൽ നിന്ന പാഴ്മരം കുറച്ചുനാൾമുമ്പ് മുറിച്ചുനീക്കി. മണ്ണിടിഞ്ഞ ഭാഗത്ത് കരിങ്കൽ ഭിത്തി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. വാണിയക്കാട്, കിഴക്കേപ്രം, വഴിക്കുളങ്ങര, പൂശാരിപ്പടി, പെരുവാരം ഭാഗത്തുള്ളവർക്ക് എളുപ്പമെത്തിച്ചേരാൻ കഴിയുന്നിടത്താണ് കൊറ്റംകുളം സ്ഥിതിചെയ്യുന്നത്. വെള്ളം വറ്റിച്ച് മാലിന്യം നീക്കി നവീകരിച്ചാൽ നീന്തൽ ക്ലബ് ആരംഭിക്കാൻ പറ്റിയ ഇടമാണിതെന്ന് പരിസരവാസികൾ പറയുന്നു. ഈ മധ്യവേനലവധിക്കാലത്ത് നീന്തൽ പരിശീലനത്തിന് കുളം തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണെന്ന് കൗൺസിലർ സജി നമ്പ്യത്ത് പറഞ്ഞു. പദ്ധതി നടപ്പായാൽ നഗരസഭയിലെ ആദ്യത്തെ നീന്തൽക്കുളം ആയിരിക്കുമിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.