അവർ പറഞ്ഞു; തങ്ങളു​െട ജീവിത കഥ

ആലപ്പുഴ: ജീവിത വീഥികളില്‍ കുടുംബശ്രീയിലൂടെ വിജയംതീര്‍ത്ത ജില്ലയിലെ ഒരുപറ്റം സ്ത്രീകള്‍ കുടുംബശ്രീ ജില്ല മിഷന്‍ ജെൻഡര്‍ കോര്‍ ടീം സംഘടിപ്പിച്ച 'പ്രതിധ്വനി' ടോക്ക് ഷോയില്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. സ്വന്തം വീട്ടില്‍പോലും അഭിപ്രായം പറയാൻ മടിച്ച സ്ത്രീകളെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യക്ഷതലങ്ങളില്‍ വരെ എത്തിക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണെന്ന് അവർ പറയുന്നു. വനിതദിനത്തിന് മുന്നോടിയായി ജില്ല കുടുംബശ്രീ മിഷന്‍ സംഘടിപ്പിച്ച പരിപാടി വിവിധ മേഖലകളില്‍നിന്ന് വിജയം കൈവരിച്ച സ്ത്രീകള്‍ക്കുള്ള ആദരംകൂടിയായിരുന്നു. പ്രതിധ്വനി ടോക് ഷോയുടെ ഭാഗമായുള്ള ജില്ലതല മത്സരമാണ് ഇപ്പോള്‍ നടത്തിയത്. ജില്ലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 മത്സരാർഥികള്‍ പത്ത് മിനിറ്റ് വീതമാണ് ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്. ജെൻഡര്‍ കോര്‍ ടീം അംഗം ചേന്നംപള്ളിപ്പുറം സ്വദേശി രാധാമണി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുറവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് അനിത സോമന്‍, കഞ്ഞിക്കുഴി ലാവിഷ് കാറ്ററിങ് യൂനിറ്റ് ഉടമ ജിജി പ്രസാദ് എന്നിവര്‍ രണ്ടാംസ്ഥാനം പങ്കുവെച്ചു. ടോക് ഷോയില്‍ അനുഭവ കഥങ്ങള്‍ പറയാനെത്തിയ 13പേര്‍ക്കും കുടുംബശ്രീ ജില്ല മിഷ​െൻറ നേതൃത്വത്തില്‍ മാര്‍ച്ച് 13ന് നടക്കുന്ന 'നീതം' പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ നൽകും. ടോക് ഷോയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെ മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ടോക്‌ ഷോയില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുപ്പിക്കും. സ​െൻറ് ജോസഫ്സ് കോളജ് മലയാള വിഭാഗം മേധാവി ജ്യോതിലക്ഷ്മി, എസ്.എസ്.എ പ്രോജക്ട് മുന്‍ ഡയറക്ടര്‍ യു. സുരേഷ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. കുടുംബശ്രീ ജില്ല മിഷന്‍ അസിസ്റ്റൻറ് കോഓഡിനേറ്റര്‍ കെ.ബി. അജയകുമാര്‍, മുൻ കോഓഡിനേറ്റര്‍ അലിയാര്‍ മാക്കിയില്‍, ജെൻഡര്‍ ഡി.പി.എം മോള്‍ജി ഖാലിദ് എന്നിവര്‍ ടോക് ഷോക്ക് നേതൃത്വം നല്‍കി. തോൽക്കാൻ തയാറല്ല ഞങ്ങൾ; പോരാടിക്കൊണ്ടേയിരിക്കും തോൽവി രാധാമണിയുടെ അജണ്ടയിലില്ല ആലപ്പുഴ: 1996ല്‍ ഉണ്ടായ അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ രാധാമണിക്ക് മുന്നിൽ ഇനിയെന്ത് എന്ന ചോദ്യച്ചിഹ്നവുമായി നില്‍ക്കുന്ന ജീവിതവും രണ്ട് കുഞ്ഞുങ്ങളും ഭര്‍ത്താവി​െൻറ മാതാപിതാക്കളും മാത്രമായിരുന്നു. എന്നാല്‍, തോൽക്കാന്‍ തയാറല്ലാത്ത രാധാമണി ഭര്‍ത്താവി​െൻറ ജോലിയായിരുന്ന ഫോട്ടോഗ്രഫിയിലേക്ക് തിരിഞ്ഞു. ഭര്‍ത്താവിനുണ്ടായ അപകടത്തില്‍ ഉപയോഗിച്ചിരുന്ന കാമറയും മറ്റ് ഉപകരണങ്ങളും നശിച്ചിരുന്നു. ഭര്‍ത്താവി​െൻറ സുഹൃത്തുക്കളുടെ കൈയിൽനിന്ന് ലഭിച്ച കാമറ ഉപയോഗിച്ചായിരുന്നു സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2001ല്‍ സമീപെത്ത 14 സ്ത്രീകളെ ഉള്‍പ്പെടുത്തി അമൃത കുടുംബശ്രീ യൂനിറ്റിന് തുടക്കം കുറിച്ചു. സ്റ്റുഡിയോയില്‍ പോയി പകലന്തിയോളം കഠിനാധ്വാനം ചെയ്താലും പട്ടിണി മാത്രം ബാക്കിയാകുന്നു എന്ന അവസ്ഥ വന്നപ്പോഴാണ് വീട്ടില്‍ത്തന്നെ ചെറിയ രീതിയില്‍ കപ്പ കൃഷി ആരംഭിച്ചത്. കുട്ടികള്‍ക്ക് രാത്രി ഭക്ഷണമായി പട്ടിണി മാത്രം ലഭ്യമാകുന്ന അവസ്ഥയില്‍നിന്ന് മാറി അവര്‍ക്കുവേണ്ട ഭക്ഷണമെങ്കിലും നല്‍കാന്‍ ഈ കൃഷിയിലൂടെ സാധിച്ചു. എന്നാലും കടവും പട്ടിണിയും തുടര്‍ക്കഥയായി മാറിയപ്പോൾ ഒരു പരിധിവരെയെങ്കിലും കടിഞ്ഞാണിടുക എന്ന ലക്ഷ്യത്തോടെ ചകിരി പിരിക്കാന്‍ ആരംഭിച്ചു. രാവിലെ സ്റ്റുഡിയോയില്‍ പോകും മുമ്പ് മടൽ, തൊണ്ട് എന്നിവ വെള്ളത്തില്‍ കുതിരാന്‍ ഇട്ടശേഷം രാത്രിയാണ് ചകിരി നിർമിക്കുന്നത്. കുടുംബശ്രീയില്‍ കൂടുതല്‍ ഊർജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ രാധാമണിക്ക് സാമുദായിക സംഘടനയിലെ അംഗത്വംപോലും ഉപേക്ഷിക്കേണ്ടിവന്നു. ഇതി​െൻറ പേരില്‍ കുടുംബത്തിലെയും സമൂഹത്തിലെയും പല ചടങ്ങുകളിൽനിന്നും അവഗണിക്കപ്പെട്ടു. എന്നിട്ടും തളരാതെ പിടിച്ചുനിന്നു. രാധാമണി ആറുവര്‍ഷം എ.ഡി.എസ് ചെയര്‍പേഴ്‌സനായും ആറുവര്‍ഷം സി.ഡി.എസ് ചെയര്‍പേഴ്‌സനായും സേവനമനുഷ്ഠിച്ചു. കൂടാതെ, ജില്ലയില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കാനും സാധിച്ചു. ഉപജീവനം നടത്തുന്നതിന് ഇപ്പോള്‍ കൃഷിയില്‍ കൂടുതല്‍ സമയം ചെലവഴിച്ചുവരുന്നു. രണ്ട് മക്കളില്‍ ഇളയ മകന്‍ സജീവ തിരക്കഥാകൃത്തായി മാറിക്കഴിഞ്ഞു. ഒരു കാലത്ത് മാറ്റിനിര്‍ത്തിയ എല്ലാ സംഘടനകളും ഇന്ന് രാധാമണിയെ പരിപാടികളില്‍ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ട്. തനിക്ക് ലഭിക്കുന്ന വിധവ പെന്‍ഷന്‍ സ്വന്തമായി എടുക്കാതെ പ്രദേശത്തുതന്നെയുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കായി നല്‍കുകയാണ് രാധാമണി. എട്ടര വര്‍ഷമായി കുടുംബശ്രീയുടെ െജൻഡര്‍ കോര്‍ ടീം അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.