കൊച്ചി: പാചക വാതക സിലിണ്ടറിന് തീപിടിച്ച് വീട്ടമ്മക്ക് പൊള്ളലേൽക്കുകയും വീടിന് കേടുപാട് സംഭവിക്കുകയും ചെയ്ത കേസിൽ ഉപഭോക്താവിന് 2.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറം വിധിച്ചു. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശി പി.ജെ. ജോമോൻ നൽകിയ ഹരജിയിലാണ് വിധി. വിതരണക്കാരൻ വഴുതനപ്പിള്ളി ഏജൻസി, ഓറിയൻറൽ ഇൻഷുറൻസ് കമ്പനി, ഇന്ത്യൻ ഓയിൽ കോർപറേഷൻ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. വിതരണക്കാരൻ ഹരജിക്കാരെൻറ വീട്ടിൽ പാചകവാതക സിലിണ്ടർ എത്തിച്ച ഉടൻ വാതക ചോർച്ചയുള്ളതായി കണ്ടെത്തിയ വീട്ടമ്മ ഏജൻസി ഓഫിസിലേക്ക് മൂന്നുതവണ ഫോണിൽ വിവരം അറിയിച്ചിട്ടും തീപിടിത്തം ഒഴിവാക്കാനുള്ള സേവനം ലഭിച്ചില്ലെന്ന വാദം ഫോറം അംഗീകരിച്ചു. പ്രസിഡൻറ് ചെറിയാൻ കെ. കുര്യാക്കോസ്, അംഗങ്ങളായ ഷീൻ ജോസ്, വി.കെ. ബീനാകുമാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.