മാഞ്ഞ സീബ്രലൈനിന്​ മുന്നിൽ പകച്ച് കാൽനടക്കാർ

മൂവാറ്റുപുഴ: തിരക്കേറിയ എം.സി റോഡില്‍ പലയിടങ്ങളിലും സീബ്രലൈനുകള്‍ കാലപ്പഴക്കത്താൽ മാഞ്ഞതോടെ ദുരിതം അനുഭവിച്ച് കാൽനടക്കാർ. തലങ്ങുംവിലങ്ങും പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ജീവന്‍ പണയംവെച്ചാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. തലനാരിഴക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്. ഏറെ തിരക്കുള്ള കച്ചേരിത്താഴത്താണ് കൂടുതല്‍ ദുരിതം. ചെറുതും വലുതുമായ വാഹനങ്ങള്‍ക്കിടയിലൂടെ സാഹസികമായാണ് വിദ്യാര്‍ഥികളടക്കം റോഡിലിറങ്ങുന്നത്. രണ്ടുവര്‍ഷം മുമ്പ് അടയാളപ്പെടുത്തിയ സീബ്രലൈന്‍ പലയിടത്തും പൂര്‍ണമായി മാഞ്ഞ നിലയിലാണ്. െപാലീസി​െൻറ സേവനം ലഭ്യമാകാത്ത സാഹചര്യത്തില്‍ കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ടി വരുന്നു. മറ്റു പ്രധാന ജങ്ഷനുകളിലും സ്‌കൂളിന് സമീപത്തുമെല്ലാം സീബ്രലൈന്‍ ഏറെയും മാഞ്ഞ നിലയിലാണ്. കൂടാതെ, കച്ചേരിത്താഴത്തെ മീഡിയനില്‍ സ്ഥാപിച്ച റിഫ്ലക്ടർ ബോർഡുകൾ വാഹനാപകടങ്ങളിൽ തകർന്നതോടെ ഈ ഭാഗത്ത് വീണ്ടും അപകടം തുടർക്കഥയാവുകയാണ്. വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് മീഡിയന്‍ ആരംഭിക്കുന്ന ഭാഗങ്ങളില്‍ റിഫ്ലക്ടര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയത്. എന്നാല്‍, അടുത്തിടെ ഇവ വാഹനം ഇടിച്ച് തകരുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ കാര്‍ മീഡിയനില്‍ ഇടിച്ചുകയറിയിരുന്നു. ദീര്‍ഘദൂര യാത്രക്കാരാണ് പലപ്പോഴും ഇവിടെ അപകടത്തില്‍പെടുന്നത്. അപകടം ഒഴിവാക്കാൻ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.