ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പ്; മുസ്​ലിം ലീഗില്‍ തര്‍ക്കം

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെചൊല്ലി മുസ്ലിം ലീഗിൽ തർക്കം രൂക്ഷം. ലീഗിലെ രണ്ട് അംഗങ്ങളും പ്രസിഡൻറ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് നേതൃത്വത്തിന് തലവേദനയായത്. ഒന്നാം വാർഡിൽലെ ലീഗ് അംഗം പി.എസ്. അജീഷും നാലാം വാർഡ് അംഗം എം.എം. അലിയാരുമാണ് പ്രസിഡൻറ് സ്ഥാനത്തിന് രംഗത്ത്. പ്രസിഡൻറിനെ തീരുമാനിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടർന്ന് വിഷയം നിയോജകമണ്ഡലം കമ്മിറ്റിക്ക് വിട്ടു. യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന ആയവന ഗ്രാമപഞ്ചായത്തില്‍ മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ രണ്ടേകാല്‍ വര്‍ഷം പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിനും ഒന്നരവര്‍ഷം ലീഗിനും ബാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും നല്‍കാനാണ് തീരുമാനം. മുന്നണിയിലെ ധാരണയനുസരിച്ച് രണ്ടേകാല്‍ വര്‍ഷം പൂര്‍ത്തിയായതോടെ നിലവിലെ പ്രസിഡൻറ് കോണ്‍ഗ്രസിലെ സാബു വള്ളോംകുന്നേല്‍ രാജിെവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 14 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറ്, കേരള കോണ്‍ഗ്രസ് മാണി രണ്ട്, മുസ്ലിം ലീഗ് രണ്ട്, കേരള കോണ്‍ഗ്രസ് ജേക്കബ് രണ്ട്, സി.പി.എം രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് പ്രസിഡൻറ് സ്ഥാനാർഥിയെ തെരഞ്ഞെടുക്കാന്‍ ആയവന ഡിവിഷന്‍ കമ്മിറ്റി ചേര്‍ന്നതോടെയാണ് പ്രസിഡൻറ് സ്ഥാനത്തിനായി ഇരുവരും അവകാശവാദവുമായി രംഗത്തെത്തിയത്. എന്നാല്‍, ഇരുവരും പ്രസിഡൻറ് സ്ഥാനത്തിന് ഉറച്ച് നിന്നതോടെ വിഷയം നിയോജകമണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു. അടുത്ത ദിവസം ചേരുന്ന നിയോജകമണ്ഡലം കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പ്രമുഖ ലീഗ് നേതാവ് പറഞ്ഞു. ഇരുവരും ഇബ്രാഹീംകുഞ്ഞ് വിഭാഗത്തെ അനുകൂലിക്കുന്നവരായതിനാല്‍ പ്രശ്നം ഈ വിഭാഗത്തിന് തലവേദനയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് മുന്നണിയിലെ ധാരണയനുസരിച്ച് ഒന്നരവര്‍ഷം ലീഗിന് പഞ്ചായത്തില്‍ പ്രസിഡൻറ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചതോടെ നേതൃത്വം ഇടപെട്ട് ആദ്യ ഒരുവര്‍ഷം എം.എം. അലിയാരിനും ആറുമാസം പി.എസ്. അജീഷിനുമായി ധാരണയാക്കി കരാർ എഴുതിയിരുന്നു. ഈ വ്യവസ്ഥ നടപ്പാക്കണമെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍, ഇരുവര്‍ക്കും ഒമ്പതുമാസം വീതം പ്രസിഡൻറ് സ്ഥാനം തുല്യമായി വീതംെവക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതില്‍ ആദ്യം ആര് പ്രസിഡൻറാകും എന്ന തര്‍ക്കവും നിലനില്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.