റേഷൻ വിതരണം; സോഷ്യൽ ഓഡിറ്റ് പൂർത്തിയായി

ആലപ്പുഴ: റേഷൻ കടകളിൽ ഇ-പോസ് മെഷീൻ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഭക്ഷ്യധാന്യങ്ങളുടെ വിതരണം കൃത്യമാണോ എന്ന് ഉറപ്പാക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ സോഷ്യൽ ഓഡിറ്റ് പൂർത്തിയായി. ആറ് താലൂക്കിൽ നടത്തിയ പരിശോധനയിൽ കാർത്തികപ്പള്ളി, ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിൽ ഓരോ ക്രമക്കേട് കണ്ടെത്തി. ഇ-പോസ് മെഷീൻ ഉപയോഗിച്ച് കൊല്ലം ജില്ലയിൽ നടന്ന തട്ടിപ്പ് പുറത്തായതിനെത്തുടർന്നാണ് സംസ്ഥാനത്ത് പരിശോധന നടത്താൻ മന്ത്രി പി. തിലോത്തമൻ ഉത്തരവിട്ടത്. ഇതി​െൻറ അടിസ്ഥാനത്തിലായിരുന്നു താലൂക്കുതലങ്ങളിൽ സോഷ്യൽ ഓഡിറ്റ്. ക്രമക്കേട് കണ്ടെത്തിയ മൂന്നിടത്തെ റേഷൻ വ്യാപാരികൾ ആദ്യമായാണ് പിടിക്കപ്പെടുന്നതെന്ന് ജില്ല താലൂക്ക് സപ്ലൈ ഓഫിസർ എച്ച്. ഹരി 'മാധ്യമ'ത്തോട് പറഞ്ഞു. സാധനങ്ങളുടെ അളവിലും ഇവർ കൃത്രിമം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെ റേഷൻ ഉപഭോക്താക്കളിൽനിന്ന് വിവരവും സിവിൽ സപ്ലൈസ് അധികൃതർ ശേഖരിച്ചിട്ടുണ്ട്. വെട്ടിപ്പി​െൻറ അളവ്, നഷ്ടപ്പെട്ട തുക എന്നിവ വെളിപ്പെടുത്താൻ ജില്ല സപ്ലൈ ഓഫിസ് അധികൃതർ വിസമ്മതിച്ചു. ഇവരുടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിലുമായി കരിഞ്ചന്തയിൽ വിൽക്കുന്നതിന് സൂക്ഷിച്ച മണ്ണെണ്ണ അടക്കമുള്ള റേഷൻ സാധനങ്ങൾ കണ്ടെത്തിയതായാണ് സൂചന. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ ജില്ല സപ്ലൈ ഓഫിസർ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് കൈമാറിയിട്ടുണ്ട്. ഭക്ഷ്യഭദ്രത ചട്ടപ്രകാരമുള്ള നടപടിയായിരിക്കും ഡയറക്ടർ സ്വീകരിക്കുക. പരിശോധനക്കെതിരെ വ്യാപാരികളിൽനിന്ന് വലിയ പ്രതിഷേധമാണ് ഉയർന്നത്. റേഷൻ വിതരണത്തിൽ അഴിമതി കാട്ടുന്ന വ്യാപാരികളെ സംഘടന ഒരുകാരണവശാലും സംരക്ഷിക്കില്ലെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സ്റ്റുഡൻറ് പൊലീസ് പദ്ധതി വ്യാപിപ്പിക്കും -ജില്ല പൊലീസ് മേധാവി ആലപ്പുഴ: സ്റ്റുഡൻറ് പൊലീസ് പദ്ധതി ആറ് സ്കൂളിൽകൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ. ഇതോടെ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളുടെ കാര്യത്തിൽ ആലപ്പുഴ ഒന്നാമതെത്തി. ആകെ 52 സ്കൂളിലാണ് പദ്ധതി പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ജില്ല അഡ്മിനിസ്േട്രഷൻ ഹെഡ്ക്വാർട്ടർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ സ്കൂകളിലും സ്റ്റേഷൻ ഹൗസ് ഓഫിസർമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. സബ്ഡിവിഷനൽ ഓഫിസർമാർ പ്രവർത്തനങ്ങൾ വിലയിരുത്തി എല്ലാമാസവും റിപ്പോർട്ട് സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ജില്ല നോഡൽ ഓഫിസർ എ. നസീം, ഡിവൈ.എസ്.പിമാരായ എ.ജി. ലാൽ, പി.വി. ബേബി, അനീഷ് കോര, ബിനു, ആർ. ബാലൻ, കെ. സജീവ്, അനിൽകുമാർ, അസി. ജില്ല നോഡൽ ഓഫിസർ കെ.വി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആരോഗ്യമേഖലയിൽ നിയമനം മാവേലിക്കര: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതി​െൻറ ഭാഗമായി കുറത്തികാട് സി.എച്ച്.സിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം തെക്കേക്കര പഞ്ചായത്ത് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 20ന് വൈകീട്ട് മൂന്നിന് മുമ്പ് ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.