ചെങ്ങന്നൂർ: സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ നഗരസഭ വൈസ് ചെയർപേഴ്സണായി യു.ഡി.എഫിലെ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് പാർട്ടിയിലെ ധാരണ പ്രകാരം ഒരു മാസം മുമ്പാണ് കുഞ്ഞൂഞ്ഞമ്മ രാജിവെച്ചത്. പകരം വൽസമ്മ എബ്രഹാമിനെയാണ് ഈ സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ, ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടിയുള്ള സജീവ പ്രവർത്തനം വെളിപ്പെടുത്തുന്ന ഇവരുടെ ഫോൺ സംഭാഷണം പുറത്തുവന്നതോടെ കോൺഗ്രസിൽ ഉൾെപ്പടെ വ്യാപക എതിർപ്പുയർന്നു. ഇതോടെയാണ് ഒന്നാം വാർഡായ മുണ്ടൻകാവിനെ പ്രതിനിധീകരിക്കുന്ന കുഞ്ഞൂഞ്ഞമ്മക്ക് വീണ്ടും നറുക്കുവീണത്. ത്രികോണ മത്സരത്തിൽ 12 വോട്ടുകൾ നേടിയാണ് വിജയിച്ചത്. 27 അംഗങ്ങളും ഹാജരായിരുന്നു. ഇടതുമുന്നണിയുടെ ദേവി പ്രസാദിന് ഒമ്പതും എൻ.ഡി.എയുടെ ഗീത കുശന് ആറും വോട്ടുകൾ ലഭിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ എം.വി. സുരേഷ് കുമാറായിരുന്നു വരണാധികാരി. നഗരസഭ സെക്രട്ടറി മുഹമ്മദ് ഷാഫിയായിരുന്നു സഹ വരണാധികാരി. നിശ്ചയിച്ചിരുന്ന സമയപരിധി കഴിഞ്ഞ് നൽകിയ യു.ഡി.എഫിെൻറ നാമനിർദേശ പത്രിക സ്വീകരിച്ചതിനെച്ചൊല്ലി ഇടതുമുന്നണി ബഹളമുണ്ടാക്കി നടപടിക്രമങ്ങൾ തടസ്സപ്പെടുത്തിയിരുന്നു. പൊലീസ് വലയം സൃഷ്ടിച്ചാണ് വോട്ടെടുപ്പ് നടത്തിയത്. രാവിലെ 10ന് ആരംഭിച്ച പ്രക്രിയ രണ്ടിനാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.