ജില്ലയിൽ കൃഷിനാശം 2.1 കോടി

ആലപ്പുഴ: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ കൃഷിനാശത്തി​െൻറ തോത് ഉയരുന്നു. 2.1 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും ഉയർന്ന കണക്കാണിതെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. നെല്ല് ഉൽപാദന മേഖലയിൽ മാത്രം ഒരുകോടിയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച നാല് പാടശേഖരങ്ങളിൽ ബണ്ട് തകർന്ന് മടവീണത് കർഷകരെ ദുരിതത്തിലാക്കി. തലവടി പഞ്ചായത്തിലെ 92 ഹെക്ടർ വരുന്ന കണ്ണങ്കരി പാടശേഖരം പൂർണമായും മുങ്ങി. കർഷകരുടെ 45 ദിവസത്തെ പ്രയത്നമാണ് ഇവിടെ വെള്ളത്തിലായിരിക്കുന്നത്. കൂടാതെ 65 ഹെക്ടർ വരുന്ന വീയപുരം കട്ടക്കുഴി തേവാരി പാടശേഖരത്തിലും മടവീഴ്ച ഉണ്ടായിട്ടുണ്ട്. ഈ രണ്ട് പാടശേഖരങ്ങളിൽനിന്ന് 1.08 കോടിയുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്. തകഴി ചെത്തിക്കളം പാടശേഖരം, കാവാലം കട്ടക്കുഴി പാടശേഖരം എന്നിവയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 24 ഹെക്ടർ നെൽകൃഷിയാണ് വെള്ളത്തിലായത്. കഴിഞ്ഞ ചൊവ്വാഴ്ചത്തെ കണക്ക് പ്രകാരം 1.21 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് നഷ്ടത്തി​െൻറ ഈ കുതിച്ചുചാട്ടം. വരുംദിവസങ്ങളിൽ നാശനഷ്ടത്തി​െൻറ തോത് ഉയരാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് ബാക്കിയുള്ള പാടശേഖരങ്ങളെ മടവീഴ്ച ഭീഷണിയിൽനിന്ന് സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് കർഷകർ. മടവീണ് കൃഷിനാശം സംഭവിച്ച പ്രദേശങ്ങൾ കലക്ടർ എസ്. സുഹാസ്, പ്രിൻസിപ്പൽ അഗ്രിക്കൾചർ ഓഫിസർ ബീന നടേശ് എന്നിവർ പാടശേഖരസമിതി ഭാരവാഹികളൊപ്പം സന്ദർശിച്ചു. നെൽകൃഷിക്കൊപ്പം പച്ചക്കറി വിളകൾക്കും സാരമായി നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ കായംകുളം നഗരസഭ പ്രദേശത്ത് 2000 വാഴകൾ ഒടിഞ്ഞുവീണു. കൃഷിയിടങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിയത് കാരണം വേര് ചീയൽ അടക്കമുള്ള രോഗങ്ങളും വിളകളെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്. നശിച്ച കൃഷി വെട്ടിമാറ്റുന്ന ജോലിയിലാണ് കർഷകർ. വീടുകൾ തകർന്ന നഷ്ടം 39.61 ലക്ഷം; അമ്പലപ്പുഴയിൽ മാത്രം നാല് വീടുകൾ ആലപ്പുഴ: കാലവർഷക്കെടുതിയിൽ വീടുകൾ തകർന്നുള്ള നാശനഷ്ടം ഉയരുകയാണ്. വ്യാഴാഴ്ച റവന്യൂ അധികൃതർ ദുരന്തനിവാരണ അതോറിറ്റിക്ക് നൽകിയ കണക്ക് പ്രകാരം 39.61 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ആറ് താലൂക്കുകളിൽ നിന്നുമായി ഏഴ് വീടുകൾ പൂർണവും 98 വീടുകൾ ഭാഗികവുമായി നശിച്ചു. താലൂക്ക് തിരിച്ചുള്ള നാശനഷ്ടത്തി​െൻറ കണക്കുകൾ ഇപ്രകാരമാണ്. അമ്പലപ്പുഴ താലൂക്കിൽ ഏഴ് വീടുകൾ പൂർണമായും ഒമ്പത് വീടുകൾ ഭാഗികമായും നശിച്ചു. ചേർത്തല താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 39 വീടുകൾ ഭാഗികമായും തകർന്നു. മാവേലിക്കര താലൂക്കിൽ ഒരു ഷെഡ് പൂർണമായും തകർന്നു. കൂടാതെ 11 വീടുകൾ ഭാഗികമായി നശിച്ചു. ചെങ്ങന്നൂർ താലൂക്കിൽ രണ്ട് വീടുകൾ ഭാഗികമായി നശിച്ചു. കുട്ടനാട് ഒരു വീട് പൂർണമായും 37 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിലെ കുട്ടനാട് അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുകയാണ്. ജനങ്ങൾ സഞ്ചരിക്കാൻ പോലും കഴിയാതെ വീടുകളിൽ തന്നെ കഴിയുകയാണ്. വീട് തകർന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള അടിയന്തര നടപടികളാണ് ജില്ല ഭരണകൂടം സ്വീകരിച്ച് വരുന്നത്. കലക്ടർ എസ്. സുഹാസി​െൻറ മേൽനോട്ടത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏത് അടിയന്തര സാഹചര്യം വന്നാലും ഫയർഫോഴ്സ്, പൊലീസ്, ആശുപത്രി എന്നിവ സജ്ജീകരിച്ച് നിർത്തിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ മുങ്ങിമരണങ്ങൾ അടക്കമുള്ള ദുരന്തങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.