ചെങ്ങന്നൂർ: തലചായ്ക്കാൻ കാത്തിരുപ്പുകേന്ദ്രം മാത്രം ആശ്രയമായിരുന്ന മോഹനനും (51), മകൾ ശ്രീദേവിക്കും (29) താമസമൊരുക്കി കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി. ചെങ്ങന്നൂർ മുണ്ടൻകാവ് കോടയാട്ടുകര സ്വദേശിയായിരുന്ന മോഹനനും കുടുംബവും വർഷങ്ങൾക്കുമുമ്പ് അവിടെനിന്ന് തിരുവൻവണ്ടൂരിലേക്കും തുടർന്ന് പാണ്ടനാേട്ടക്കും താമസം മാറ്റുകയായിരുന്നു. ഇതിനിടെയാണ് കൂലിപ്പണിക്കാരനായ മോഹനെൻറ ഭാര്യ രമണി അർബുദ ബാധിതയായത്. ചികിത്സക്കുവേണ്ടി ഭാരിച്ച സാമ്പത്തികബാധ്യതയുടെ ഭാഗമായി വീടും സ്ഥലവും മോഹനന് വിൽക്കേണ്ടിവന്നു. ഇളയ മകളുടെ വിവാഹം കഴിഞ്ഞ് കൊൽക്കത്തയിൽ ഭർത്താവിെനാപ്പമാണ്. മൂത്ത മകളായ ശ്രീദേവിയെ എം.എൽ.ടി കോഴ്സ് പഠിപ്പിക്കാനും മോഹനന് കഴിഞ്ഞു. ഇതിനിെട മോഹനന് വാടകവീട്ടിലേക്ക് താമസം മാറേണ്ടിവന്നു. രമണി 10വർഷം മുമ്പ് രോഗം മൂർച്ഛിച്ച് മരിച്ചു. വിവിധ സ്ഥലങ്ങളിൽ മാറി താമസിച്ചതിനുശേഷം വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഒടുവിൽ പാണ്ടനാട് വില്ലേജ് ഓഫിസിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രത്തിൽ അഭയം തേടുകയായിരുന്നു. പകൽ സമീപത്തെ കടകളിലും വീടുകളിലും ശ്രീദേവിയെ ഇരുത്തിയാണ് മോഹനൻ ജോലിക്ക് പോയിരുന്നത്. പ്രാഥമികസൗകര്യങ്ങൾക്ക് പരിചയമുള്ള വീടുകളെയാണ് ഇവർ ആശ്രയിച്ചിരുന്നത്. കാത്തിരിപ്പുകേന്ദ്രത്തിൽ അന്തിയുറങ്ങിയ അച്ഛനെയും മകളെയുംകുറിച്ച വിവരം കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എയുടെ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ഉടൻ കരുണയുടെ കൊഴുവല്ലൂരിലെ ഫാം ഹൗസിലേക്ക് മാറ്റി താമസിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് കരുണ ട്രഷറർ എം.എച്ച്. റഷീദ്, ജനറൽ സെക്രട്ടറി എൻ.ആർ. സോമൻപിള്ള, ഗവേണിങ് കൗൺസിൽ അംഗങ്ങളായ മനു തോമസ്, ജിബിൻ ഗോപിനാഥ്, രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ ഫാം ഹൗസിൽ എത്തിക്കുകയും അടിയന്തര സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.