ആലുവ: കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകളിൽ കയറണമെങ്കിൽ കായികാഭ്യാസംകൂടി അറിഞ്ഞിരിക്കണം. ഓട്ടത്തിൽ പിന്നിലാണെങ്കിൽ ബസ് കാത്തുനിൽക്കൽ മാത്രമായിരിക്കും ഫലം. ജില്ലയിലെ പ്രധാന നഗരമായ ആലുവയിലെ അവസ്‌ഥയാണിത്. ആലുവ റെയിൽവേ സ്‌റ്റേഷനോട് ചേർന്നാണ് കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റാൻഡ് സ്‌ഥിതിചെയ്യുന്നത്. അതിനാൽതന്നെ നിരവധി യാത്രക്കാർ ആലുവ വഴി പല ദിക്കുകകളിലേക്കും ബസുകളിൽ യാത്രചെയ്യാൻ ഉണ്ടാകാറുണ്ട്. എന്നാൽ, ദീർഘദൂര ബസുകൾക്ക് ആലുവ സ്‌റ്റാൻഡിനോട് നേരത്തേതന്നെ അലർജിയാണ്. കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്‌റ്റ്, എക്സ്പ്രസ് തുടങ്ങിയ ദീർഘദൂര ബസുകൾ രാത്രി മാത്രമാണ് ആലുവ കെ.എസ്.ആർ.ടി.സി സ്‌റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. പകൽ സമയങ്ങളിൽ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ലഭിക്കണമെങ്കിൽ ആലുവ ബൈപാസിൽ ചെല്ലണം. എന്നാൽ, നിലവിൽ ബൈപാസിൽ നിന്ന് ബസുകളിൽ കയറിപ്പറ്റലാണ് വലിയ കാര്യം. ദേശീയപാതയിൽ തൃശൂർ, കോഴിക്കോട്, പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് എവിടെയാണ് സ്‌റ്റോപ്പെന്ന് ആർക്കും നിശ്ചയമില്ല. ആലുവയിലെ ട്രാഫിക്ക് പൊലീസിന് പോലും ഇക്കാര്യത്തിൽ കൃത്യമായ വിവരമില്ലെന്നാണ് അറിയുന്നത്. ബൈപാസ് മേൽപാലം അവസാനിക്കുന്നിടത്താണ് ബൈപാസിലെ ട്രാഫിക്ക് സിഗ്നൽ. മേൽപാലത്തിന് അടിയിലൂടെയുള്ള സമാന്തര റോഡും വന്നുചേരുന്നത് സിഗ്നലിലാണ്. തൃശൂരിലേക്കുള്ള സൂപ്പർഫാസ്‌റ്റ്, എക്സ്പ്രസ് ബസുകൾ പുളിഞ്ചോടു നിന്ന് മേൽപാലം വഴിയാണോ സമാന്തര റോഡ് വഴിയാണോ വരുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. ഡ്രൈവറുടെ മനോധർമം പോലെയിരിക്കും റൂട്ടും. മേൽപാലത്തിനും സമാന്തര റോഡിനും ഇടയിലുള്ള മീഡിയനിൽനിന്ന് ബസ് പിടിക്കാമെന്ന് െവച്ചാൽ സിഗ്നലിൽ പച്ച ലൈറ്റാണെങ്കിൽ ബസ് വിട്ടുപോകും. സിഗ്നലിന് പുറത്തായിരിക്കും പിന്നെ സ്‌റ്റോപ്പ്. അവിടെയും നിർത്തിയെങ്കിലായി. സിഗ്നലിന് പുറത്ത് നിർത്തുന്ന ബസുകളെ പിടിക്കണമെങ്കിൽ മേൽപാലം വഴി വരുന്ന വാഹനങ്ങളുടെയും സമാന്തര റോഡ് വഴി വരുന്ന വാഹനങ്ങളുടെയും ഇടയിലൂടെ അപകടഭീതിയിൽ ഓടണം. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ റൗണ്ട് ഗതാഗതവും മറ്റും ഏർപ്പെടുത്തിയ അധികൃതരൊന്നും ആലുവയിൽനിന്ന് വടക്കോട്ട് പോകുന്ന ദീർഘദൂര യാത്രക്കാരുടെ ദുരിതം കാണുന്നില്ല. ഭാഗ്യംകൊണ്ടാണ് ഇവിടെ ജീവഹാനി സംഭവിക്കാത്തത്. ആളപായം ഉണ്ടായാൽ മാത്രമേ അധികൃതർ കണ്ണുതുറക്കൂവെന്നതാണ് ആലുവ ബൈപാസിലെ ദീർഘദൂര യാത്രക്കാരുടെ അവസ്‌ഥ. മെട്രോ സർവിസ് ആരംഭിച്ചതോടെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ബൈപാസിൽ ബസ് നിർത്തുന്നതിന് നിശ്ചിത കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കാണ് ദുരിതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.